

ന്യൂഡല്‍ഹി: എസ്‌ഐആറില്‍ പേര് ഇല്ലാത്തതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്ത നടപടിയില്‍ പ്രതികരിച്ച് ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാല്‍. പാസ്‌പോര്‍ട്ടിന് വേണ്ടി എസ്‌ഐആറില്‍ പേര് വേണം എന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും ക്ലാരിറ്റിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു. നിരവധി ആളുകളെ ബാധിക്കുന്ന വിഷയമാണ്. ഒരു വ്യക്തിയുടെ പ്രശ്‌നമായി മാത്രം ചുരുക്കരുത്. പോളിസിയില്‍ ക്ലാരിറ്റി വേണമെന്നും രാജഗോപാല്‍ പറഞ്ഞു. കോഫി വിത്ത് അരുണില്‍ ആയിരുന്നു രാജഗോപാലിന്റെ പ്രതികരണം.
കൊല്‍ക്കത്ത പൊലീസ് റിപ്പോര്‍ട്ട് തേടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത അറിഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്ത് രേഖകളാണ് പരിശോധിക്കുക എന്നത് അറിയില്ല. അവിടെ കൊടുത്ത രേഖകളെല്ലാം തയ്യാറാക്കിവെച്ചിട്ടുണ്ട്. രേഖകളില്‍ സ്‌പെല്ലിങ് മിസ്റ്റേക്ക് അടക്കം എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ മേല്‍വിലാസത്തില്‍ തന്നെയായിരുന്നു 20 വര്‍ഷം മുന്‍പ് ആദ്യമായി പാസ്‌പോര്‍ട്ട് എടുത്തത്. 2005ലായിരുന്നു അത്. 2015ല്‍ പുതുക്കി. 2026 ഫെബ്രുവരിയില്‍ ഇതേ മേല്‍വിലാസത്തില്‍ തന്നെയാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. നേരത്തേ രണ്ട് തവണയും പൊലീസ് വീട്ടില്‍ എത്തിയായിരുന്നു വേരിഫിക്കേഷന്‍ നടത്തിയത്. ഇത്തവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് സെക്യൂരിറ്റി കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിളിപ്പിച്ചത്. ഈ സ്ഥാപനത്തെക്കുറിച്ച് തനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ സെന്റര്‍ എന്ന നിലയിലായിരുന്നു ആദ്യം മനസിലാക്കിയിരുന്നത്. പിന്നീടാണ് ഇതിന്റെ ഗൗരവം മനസിലാക്കിയത്. 2005ല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ഘട്ടത്തിലും സെക്യൂരിറ്റി കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിളിപ്പിച്ചിരുന്നു. അന്ന് ഒരു മിനിറ്റ് പോലും അവിടെ നിര്‍ത്തിയില്ല. ഒരു ഒപ്പ് കണ്‍ഫേം ചെയ്യണം എന്നായിരുന്നു അന്ന് പറഞ്ഞത്. ഇത്തവണ പോയപ്പോള്‍ ആകെ മാറിയിരുന്നു. ടോക്കണ്‍ വേണമായിരുന്നു. അതിന് ശേഷം ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. യാതൊരു സുതാര്യതയും ഉണ്ടായിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു. സെക്യൂരിറ്റി കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആശങ്ക തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌ഐആറില്‍ പേര് ഇല്ലാത്തതിനാലാണ് ക്ലിയറന്‍സ് ലഭിക്കാത്തതെന്ന് അവര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ജൂണ്‍ പതിനേഴാം തീയതി ഇ മെയില്‍ വഴിയും രജിസ്‌ട്രേഡ് പോസ്റ്റ് വഴിയും അറിയിപ്പ് വന്നു. എസ്‌ഐആര്‍ ഡിലീഷന്‍ എന്ന വാക്ക് അതില്‍ വ്യക്തമായിരുന്നു. ഇതേപ്പറ്റി പൊലീസിനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ചില ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്‍ഷ്യല്‍ മെമ്മോ ഉണ്ടാകാം എന്നാണ് പറഞ്ഞത്. എസ്‌ഐആറില്‍ നിന്ന് പേര് വെട്ടിയാല്‍ പാസ്‌പോര്‍ട്ട് തരില്ല എന്നുണ്ടെങ്കില്‍ എന്തിനാണ് കയ്യില്‍ നിന്ന് ഫീസ് ഈടാക്കുന്നതെന്നും രാജഗോപാല്‍ ചോദിച്ചു. തന്റെ കയ്യില്‍ നിന്ന് 1500 രൂപ ഈടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ആ ഫീസ് വീണ്ടും വര്‍ധിപ്പിച്ചതായാണ് മനസിലാക്കുന്നത്. ഇക്കാര്യം പാസ്‌പോര്‍ട്ട് അപേക്ഷിക്കുമ്പോള്‍ അറിയിക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.
പാസ്‌പോര്‍ട്ട് കിട്ടിയാലും കിട്ടിയില്ലെങ്കിലും പോളിസിയില്‍ ക്ലാരിറ്റി വരുത്തേണ്ടത് അത്യാവശ്യമാണ്. വിദേശകാര്യ മന്ത്രാലയത്തിന് ഒരു പ്രസ്താവന ഇറക്കിയാല്‍ മതിയായിരുന്നു. പാസ്‌പോര്‍ട്ട് ലഭിച്ചിട്ട് എവിടെയെങ്കിലും പോകാനല്ല. എഴുതിയതും പ്രതികരിച്ചതും പോളിസി ക്ലാരിറ്റിക്ക് വേണ്ടിയാണ്. വിഷയം ചര്‍ച്ചയായിട്ട് മൂന്ന് ദിവസമായി. പുതിയ നിയമം വേണമെന്നല്ല, പഴയ നിയമമാണെങ്കിലും എങ്ങനെ ഉപയോഗിക്കും എന്നുള്ളതാണ്. സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസ്താവന ഇറക്കണമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- R Rajagopal said the passport denial linked to SIR is an issue affecting many people and should not be viewed as an isolated case.