എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി, പി എം നിയാസിന്റെ എതിർപ്പിന് പിന്നിൽ കെസി പക്ഷമെന്ന് സൂചന

മുഖ്യമന്ത്രിയുടെ നിര്‍ദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു

എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി, പി എം നിയാസിന്റെ എതിർപ്പിന് പിന്നിൽ കെസി പക്ഷമെന്ന് സൂചന
dot image

തിരുവനന്തപുരം: സംസ്ഥാനത തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു. ശേഷാദ്രിനാഥന്റെ നിയമനം വിവാദമായതോടെയായിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം എന്ന കെ എം ഷാജിയുടെ പ്രതികരണം വന്നത്. നിയമനത്തിനെതിരായ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ എതിര്‍പ്പിന് പിന്നില്‍ കെ സി വേണുഗോപാല്‍ പക്ഷമാണെന്നും സൂചനയുണ്ട്. കെ സോമന്റെ പേരായിരുന്നു കെസി പക്ഷം നിര്‍ദേശിച്ചത്. എന്നാൽ ഇത് പരിഗണിച്ചില്ല.

അതിനിടെ ശേഷാദ്രിനാഥന്റെ നിയമന നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുകയാണ്. ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണും. തദ്ദേശ മന്ത്രി കെ എം ഷാജി നിയമനം ന്യായീകരിച്ച സാഹചര്യത്തിലാണ് പി എം നിയാസിന്റെ നിര്‍ണായക നീക്കം. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം അന്വേഷിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടും.

മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പശ്ചാത്തലത്തില്‍ ശേഷാദ്രിനാഥന്റെ നിയമനം തിരിച്ചടിയാകുമെന്നാണ് നിയാസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ഒരു തെരഞ്ഞെടുപ്പ് കമ്മീഷണർ വിചാരിച്ചാല്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാം. അത് രാഹുല്‍ ഗാന്ധി ബോധ്യപ്പെടുത്തിയതാണ്. അങ്ങനെ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ടോ എന്ന് പി എം നിയാസ് ചോദിച്ചു. ശേഷാദ്രിനാഥന്റെ നിയമനത്തെ അനുകൂലിച്ചുകൊണ്ടുള്ള കെ എം ഷാജിയുടെ പ്രതികരണം അദ്ദേഹത്തിന്റെ അഭിപ്രായമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കേണ്ട കാര്യങ്ങളാണ് താന്‍ പറഞ്ഞത്. കെ എം ഷാജി അടക്കമുള്ളവര്‍ എന്തുപറഞ്ഞാലും തങ്ങള്‍ക്ക് വ്യവസ്ഥാപിതമായ ഒരു തീരുമാനമുണ്ട്. താന്‍ ആരോപണം ഉന്നയിച്ച ശേഷം ശേഷാദ്രിനാഥൻ്റെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡിലീറ്റ് ചെയ്യപ്പെട്ടു. ഒന്നും മറച്ചുവെയ്ക്കാനില്ലെങ്കില്‍ എന്തിന് അദ്ദേഹം ഡിലീറ്റ് ചെയ്തുവെന്നും പി എം നിയാസ് ചോദിച്ചു. അതിനിടെ ശേഷാദ്രിനാഥന്റെ നിയമനത്തോട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം എതിര്‍പ്പുള്ളതായാണ് വിവരം. വിഷയത്തില്‍ കെ എം ഷാജി ഒഴികെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ പ്രതികരിച്ചിട്ടില്ല. സംഘപരിവാര്‍ പശ്ചാത്തലമുള്ളയാള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ സുപ്രധാന പദവി നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം.

ഇക്കഴിഞ്ഞ ജൂണ്‍ 27നായിരുന്നു ശേഷാദ്രിനാഥനെതിരെ പി എം നിയാസ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുഖ്യമന്ത്രി വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി അടക്കമുള്ളവര്‍ക്ക് കത്ത് നല്‍കിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം. ശേഷാദ്രിനാഥന്‍ ജനിച്ചതും പഠിച്ചതും പ്രാക്ടീസ് ആരംഭിച്ചതും താന്‍ ജനപ്രതിനിധിയായിരുന്ന ചാലപ്പുറത്താണെന്നും താന്‍ കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ഇദ്ദേഹം ഉറച്ച എസ്എഫ്ഐ പ്രവര്‍ത്തനും നേതാവുമായിരുന്നുവെന്നും നിയാസ് ചൂണ്ടിക്കാട്ടിയിരുന്നു. ലോ-കോളേജിലും കെഎസ്യു പ്രസ്ഥാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണാണ് ശേഷാദ്രിനാഥന്‍. അക്കാലത്ത് കെഎസ്യുവിന് വേണ്ടി നിലയുറപ്പിച്ചവരും ഒരുപാട് മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിച്ചവരും ഇന്ന് ഈ തസ്തികയിലേക്ക് പരിഗണിക്കപ്പെട്ടവരായി ഉണ്ടായിരുന്നു എന്നതും ഖേദകരമാണെന്നും നിയാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിയാസിനെ തള്ളി കെ എം ഷാജി രംഗത്തെത്തിയിരുന്നു. തന്റെ വകുപ്പ് നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. ശേഷാദ്രിനാഥനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ട്. വിശ്വാസി ആകുന്നത് തെറ്റായ കാര്യമല്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു.

Content Highlights- Reports suggest that Chief Minister proposed the name of N Seshadrinathan for the position of kerala election commissioner

dot image
To advertise here,contact us
dot image