'ശേഷാദ്രിനാഥ് സംഘപരിവാർ അനുകൂലി, റിപ്പോർട്ട് ഷാജിക്ക് കൊടുക്കണം'; ആഭ്യന്തരമന്ത്രിയെ കണ്ട് പി എം നിയാസ്

പി എം നിയാസ് നല്‍കിയ പരാതി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല

'ശേഷാദ്രിനാഥ് സംഘപരിവാർ അനുകൂലി, റിപ്പോർട്ട് ഷാജിക്ക് കൊടുക്കണം'; ആഭ്യന്തരമന്ത്രിയെ കണ്ട് പി എം നിയാസ്
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ എസ്‌ഐടി അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കും ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ്‌ഐടിയെ നിയമിച്ചത് കോടതിയാണെന്നും താന്‍ ആഭ്യന്തര മന്ത്രിയായ ശേഷം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'എസ്‌ഐടി അന്വേഷണം രാഷ്ട്രീയപ്രേരിതമല്ല. കോടതിയാണ് എസ്‌ഐടിയെ നിയമിച്ചത്. കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സര്‍ക്കാരിന് ഇതില്‍ ഒരുപങ്കുമില്ല. സര്‍ക്കാര്‍ ഇക്കാര്യങ്ങളൊന്നും അന്വേഷിക്കാറില്ല. ഞാന്‍ ആഭ്യന്തരമന്ത്രിയായ ശേഷം ഒരു കാര്യത്തിലും ഇവരോട് ആരോടും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും', രമേശ് ചെന്നിത്തല പറഞ്ഞു. 2025ലെ ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്തിനെ പ്രതി ചേര്‍ത്തതിലാണ് പ്രതികരണം. കേസില്‍ നാലാം പ്രതിയാണ് പ്രശാന്ത്.

അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് നല്‍കിയ പരാതി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. ശേഷാദ്രിനാഥന് ബിജെപി അനുകൂല നിലപാടാണെന്ന് ആവര്‍ത്തിക്കുകയാണ് പി എം നിയാസ്. 'സുപ്രധാന പദവിയിലേക്കാണ് സംഘപരിവാര്‍ ബന്ധമുള്ള വ്യക്തിയെ ചുമതലപ്പെടുത്തുന്നത്. ഇക്കാര്യം ബോധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ഇടപെടലുകള്‍. ഇപ്പോള്‍ അദ്ദേഹത്തിന്റ എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായി. ഒളിക്കാന്‍ ഒന്നും ഇല്ലായെങ്കില്‍ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരിക്കുന്നത്', പി എം നിയാസ് ചോദിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടതിന് പിന്നാലെയാണ് പ്രതികരണം.

ലക്ഷദ്വീപില്‍ അടക്കം ശേഷാദ്രിനാഥ് നടത്തിയ പ്രവര്‍ത്തനങ്ങളും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും മറ്റുകാര്യങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. ഇതിന്റെ റിപ്പോര്‍ട്ട് താന്‍ പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെടാത്ത കെഎം ഷാജിക്ക് നല്‍കണമെന്നും നിയാസ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും നിയാസ് പറഞ്ഞു. മുഖ്യമന്ത്രിയില്‍ വിശ്വാസം ഉണ്ട്. അദ്ദേഹം അത് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി എം നിയാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Ramesh Chennithala Said Government Has No Role in Sabarimala Gold Theft SIT Probe

dot image
To advertise here,contact us
dot image