'നിലവാരമുള്ളത് കൊണ്ടാണ് എല്ലാവരും ഊരാളുങ്കലിന് പിന്നാലെ പോയത്'; ULCCSന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ

ഊരാളുങ്കല്‍ സൊസൈറ്റി ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ടെന്നും മന്ത്രി പി കെ ബഷീര്‍

'നിലവാരമുള്ളത് കൊണ്ടാണ് എല്ലാവരും ഊരാളുങ്കലിന് പിന്നാലെ പോയത്'; ULCCSന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ
dot image

തിരുവനന്തപുരം: ഊരാളുങ്കല്‍ സൊസൈറ്റിയെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. ഊരാളുങ്കല്‍ സൊസൈറ്റിയുടേത് നിലവാരമുള്ള പ്രവര്‍ത്തികള്‍ ആണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലവാരം ഉള്ളതുകൊണ്ടാണ് എല്ലാവരും ഊരാളുങ്കലിന്റെ പിന്നാലെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കലിന് നടപടികള്‍ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റി ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. പ്രവര്‍ത്തിയില്‍ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട് പദ്ധതികള്‍ നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും', പി കെ ബഷീര്‍ പറഞ്ഞു.

അതേസമയം പത്താം ക്ലാസ് പാസായ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് തലത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും സഭയില്‍ ഉന്നയിച്ചു. മലബാര്‍ മേഖലയില്‍ അധിക ബാച്ചിലൂടെ സീറ്റുകള്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ സീറ്റുകളില്‍ അപര്യാപ്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇവിടെ അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ട്. ചില ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്ക് അനുസരിച്ച് സീറ്റുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. മലയോര പിന്നാക്ക മേഖലയില്‍ ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ ഉറപ്പാക്കും. എസ്എസ്എല്‍സി വിജയിക്കുന്നവര്‍ക്ക് അതാത് വിദ്യാഭ്യാസ ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം', മന്ത്രി വ്യക്തമാക്കി.

Content Highlights: Public Works Minister P K Basheer has come out in support of the Uralungal Labour Contract Cooperative Society

dot image
To advertise here,contact us
dot image