

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടി മുന്നോട്ടുവെച്ച പേരുകള്‍ തഴഞ്ഞെന്നാണ് ആരോപണം. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് എല്‍എന്‍ജിഡി ട്രിബ്യൂണലായിരുന്ന കെ സോമന്റെ പേര് നിര്‍ദേശിച്ചിരുന്നു. ഇതിന് പുറനെ ശേഷാദ്രിനാഥനെ തെരഞ്ഞെടുത്ത പട്ടികയില്‍ യോഗ്യരായ മറ്റുപേരുകള്‍ ഉണ്ടായിരുന്നെങ്കിലും തഴഞ്ഞതാണ് കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിക്ക് വഴിവെച്ചത്.
അതേസമയം ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിസഭയില്‍ ആലോചിച്ചെടുത്തതാണെന്ന് കെ എം ഷാജി ആവര്‍ത്തിച്ചു. മറ്റുകാര്യങ്ങള്‍ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് പറയാം. പിഎം നിയാസുമായി തനിക്ക് എതിര്‍പ്പ് ഇല്ല. ശേഷാദ്രിനാഥ് ജഡ്ജായിരുന്നു, വക്കീലായിരുന്നു. ഒരാളെ വര്‍ഗീയവല്‍ക്കരിക്കേണ്ടതില്ലെന്നുമായിരുന്നു കെ എം ഷാജി ഇന്ന് ഡല്‍ഹിയില്‍ പ്രതികരിച്ചത്.
ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും നേരത്തെ പി എം നിയാസ് ഉന്നയിച്ചിരുന്നു. താന്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയത്ത് എസ്എഫ്ഐ നേതാവായിരുന്നു ശേഷാദ്രിനാഥെന്നും തീവ്രഹിന്ദു വിശ്വാസിയാണ് അദ്ദേഹമെന്നുമായിരുന്നു പിഎം നിയാസ് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വിശ്വാസം എന്തായിരുന്നുവെന്നും എന്താണ് പുലര്‍ത്തിയിരുന്നതെന്നും കഴിഞ്ഞ കാലങ്ങളിലെ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ മനസിലാവുമെന്നും നിയാസ് പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയാസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, മുഖ്യമന്ത്രി വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
സംഘിയായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇന്ന് സുപ്രധാന തസ്തികയിലേക്ക് നമ്മുടെ ഭരണകാലത്ത് വാഴ്ത്തപ്പെടുന്നത് കണ്ട് നില്‍ക്കാനാവില്ല. ഒരു കാലത്തും പാര്‍ട്ടിയോടൊപ്പം നില്‍ക്കാത്തവര്‍ നിരന്തരമായി പ്രധാന തസ്തികയില്‍ അവരോധിക്കപ്പെടുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന സാധാരണപ്രവര്‍ത്തകരുടേയും നേതാക്കളുടെയും അവസ്ഥ കെപിസിസി പ്രസിഡന്റിന് മനസിലാകുമല്ലോയെന്നും നിയാസ് ചോദിച്ചിരുന്നു.
Content Highlights: Discontent is growing within the Congress over the move to appoint N Seshadrinathan as the State Election Commissioner