ഭരണ പ്രതിസന്ധി; തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം, പ്രതിരോധിക്കാന്‍ BJP

തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്

ഭരണ പ്രതിസന്ധി; തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം, പ്രതിരോധിക്കാന്‍ BJP
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എന്നാല്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നതില്‍ എല്‍ഡിഎഫില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രമേയം അവതരിപ്പിക്കുന്നത് തടയാന്‍, ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ട അവധിയെടുക്കാനും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭരണത്തിലേറി ആറ് മാസം പിന്നിടുമ്പോള്‍ തന്നെ അവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയത്തില്‍ ആശങ്കയിലാണ് ബിജെപി. തിരുവനന്തപുരം നഗരസഭയില്‍ 20 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. എന്നാല്‍ എല്‍ഡിഎഫിന് 29 അംഗങ്ങളുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്‍തുണക്കണോ എന്ന കാര്യത്തില്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്‍ഡിഎഫിനും യുഡിഎഫിനും പുറമേ കോണ്‍ഗ്രസ് വിമതനായ സുധീഷ് കുമാറിന്റെ കൂടി പിന്‍തുണ ലഭിച്ചെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാന്‍ സാധിക്കുകയുള്ളൂ. കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ സുഗതന് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നാല്‍ ഇരുവിഭാഗത്തിനും 50 വീതം കൗണ്‍സിലര്‍മാരുടെ പിന്‍തുണ ലഭിക്കും. പിന്നാലെ ടോസിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ട സ്ഥിതിയുണ്ടാകും.

തിങ്കളാഴ്ച കോര്‍പ്പറേഷന്‍ കൗണ്‍സിര്‍ യോഗം ചേരുമ്പോല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ കൂട്ട അവധിയെടുത്ത് കോറം തികയ്ക്കാതിരിക്കാനാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് വിവരം. നാലില്‍ മൂന്ന് ഭാഗം അംഗങ്ങള്‍ സഭയില്‍ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ. അതേസമയം പുറത്തുനില്‍ക്കുന്ന സ്വതന്ത്രന്റെ പിന്‍തുണ ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം സംസ്ഥാന നേതൃത്വത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്നു. ഇതിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ രാഷ്ട്രീയമായി നേട്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ബിജെപി കൗണ്‍സിലർമാരുടെ പുനർ സത്യപ്രതിജ്ഞയ്ക്കെതിരെയും കാപ്പാ കേസില്‍ അറസ്റ്റില്‍ കഴിയുന്ന ആർ സുഗതന്റെ രാജി ആവശ്യപ്പെട്ടുമായിരുന്നു കോർപ്പറേഷനില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. ഒരുഘട്ടത്തില്‍ ഇത് സംഘർഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. മേയർ ഉള്‍പ്പടെയുള്ളവർക്ക് സംഘർഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ബിജെപി കോർപ്പറേഷന്‍ ഭരണം ആരംഭിച്ച് ആറ് മാസമാകുമ്പോള്‍ കാണുന്നത് ഭരണസ്തംഭനവും കെടുകാര്യസ്ഥതയും മാത്രമാണെന്നും പ്രതിപക്ഷ ആരോപണമുണ്ട്.

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ ഉള്‍പ്പെടെയുള്ള 20 കൗണ്‍സിലര്‍മാരുടെ ആദ്യ സത്യപ്രതിജ്ഞയാണ് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചത്. പ്രത്യേക ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിനാലായിരുന്നു നടപടി. ഇതിന് പിന്നാലെ ആര്‍ സുഗതന്‍ ഒഴികെയുള്ള 19 ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. കാപ്പ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന സുഗതന്റെ സത്യപ്രതിജ്ഞ നടത്താതിരുന്നതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്നും സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും കാണിച്ച് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭയില്‍ എല്‍ഡിഎഫ് പ്രതിഷേധം നടത്തി വരികയായിരുന്നു. സമരത്തിനിടയില്‍ ബിജെപി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതും മേയര്‍ വി വി രാജേഷ് അടക്കം ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇതിന് പിന്നാലെയാണ് ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നീക്കം നടക്കുന്നത്.

Content Highlights: The Congress is expected to move a no-confidence motion in the Thiruvananthapuram Corporation, citing an ongoing governance crisis. The proposed move is likely to intensify political confrontation within the civic body and could significantly influence the corporation's administrative and political landscape.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us