

കോഴിക്കോട്: കോഴിക്കോടും കണ്ണൂരുമടക്കം നാല് ജില്ലകളിലെ ഡിഎംഒ നിയമനം പ്രതിസന്ധിയില്‍. രാഷ്ട്രീയ ചരടുവലിയെന്നാണ് ഉയരുന്ന ആക്ഷേപം. ഡിസിസി നേതൃത്വവും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോഴിക്കോട് മാത്രം പതിനൊന്ന് പേരാണ് പരിഗണനയിലുള്ളത്. കാസര്‍കോടും മലപ്പുറത്തും സമാന പ്രതിസന്ധിയുണ്ട്. അഡീഷണല്‍ ഡിഎംഒമാര്‍ക്കാണ് ഇപ്പോള്‍ ചുമതലയുള്ളത്. ഷിഗെല്ല അടക്കം പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന ജില്ലകളിലെ ഡിഎംഒ പ്രതിസന്ധി വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ആരോഗ്യ മേഖലയില്‍ വീതംവെപ്പിന്റെ കൊയ്ത്തുത്സവം നടക്കുന്നെന്നാണ് എല്‍ഡിഎഫിന്റെ പരിഹാസം. ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മന്ത്രിയെ മറികടന്ന് ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ വാക്ക് പ്രാവര്‍ത്തികമാകുന്നില്ല. മന്ത്രിയേക്കാള്‍ വലിയ ആരാണ് ആരോഗ്യവകുപ്പിലുള്ളതെന്നും റിയാസ് ചോദിച്ചു. ഏകോപനമുണ്ടാകാത്തത് രോഗികളെ ബാധിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടും ഡിഎംഒ കസേര ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ സാഹചര്യത്തിലും മന്ത്രി ജില്ലയിലുണ്ടായിരുന്നില്ല, ഡിഎംഒ വരാനും രണ്ടര വര്‍ഷം കാത്തുനില്‍ക്കണോയെന്നും റിയാസ് പരിഹസിച്ചു.
ഡിഎംഒമാരുടെ ഒഴിവ് ഉടന്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും രംഗത്തെത്തി. പകര്‍ച്ചപ്പനികളുടെ കാലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉണ്ടായിരുക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അവരാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ടതെന്നും കെ കെ ശൈലജ വിശദീകരിച്ചു.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഹൈപവര്‍ കമ്മിറ്റികളടക്കം രൂപീകരിക്കുന്ന സര്‍ക്കാര്‍ ഡിഎംഒ നിയമനത്തില്‍ തുടരുന്ന വിമുഖത വലിയ വിമര്‍ശനങ്ങള്‍ക്കിടയാകുകയാണ്. നിയമനം വൈകുന്നതില്‍ സാങ്കേതിക ന്യായമാണ് ആരോഗ്യവകുപ്പ് ഉയര്‍ത്തുന്നത്. സാധാരണ ഡിപ്പാര്‍ട്‌മെന്റ് പ്രമോഷന്‍ കമ്മിറ്റി (DPC) കൂടിയാണ് ഡിഎംഒമാരെ നിയമിക്കേണ്ടത്. എന്നാല്‍ ഇത് അനന്തമായി നീണ്ടുപോയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കോഴിക്കോട് പോലെയുള്ള വലിയ ജില്ലകളില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരെയാണ് ഡിഎംഒ ആയി നിയമിക്കാറുള്ളത്. ഇക്കാര്യങ്ങളിലടക്കം നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഡിഎംഒ നിയമനം ഉടനുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. നിയമന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഡിഎംഒമാരുടെ ഒഴിവ് പകര്‍ച്ചവ്യാധി പ്രതിരോധത്തെ ബാധിച്ചിട്ടില്ലെന്നും ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
Content Highlights: The absence of District Medical Officers in four Kerala districts has sparked a political debate, with the opposition accusing the Health Department of favouritism in appointments. The government has rejected the criticism and assured that the vacant DMO posts will be filled at the earliest to ensure uninterrupted public health administration.