

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന് അടുത്തുനിന്നാണ് രണ്ട് കുട്ടികളെ കണ്ടെത്തിയത്. വനംവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. നേരത്തേ ഒരു കുട്ടിയെ കണ്ടെത്തിയിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
താമരശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ നിന്ന് യൂണിഫോമില്‍ സ്കൂളിലേക്ക് പുറപ്പെട്ടെങ്കിലും ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപിക വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.
സ്‌കൂളിന് അടുത്ത പ്രദേശത്തെ പറമ്പില്‍ കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം കളഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കൊപ്പം പെണ്‍കുട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം അധ്യാപകന് ആരോ അയച്ചു നല്‍കി. പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ സുഹൃത്തും പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുന്ന അമ്പായത്തോട് സ്വദേശിയും ഇവര്‍ക്കൊപ്പം സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു.
ഉച്ചക്ക് ഒരു മണിയോടെ വിദ്യാര്‍ത്ഥിയുടെ മാതാവിന്റെ ഫോണിലേക്ക് ഒരു ചലാന്‍ വന്നിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെ തുടര്‍ന്ന് വൈത്തിരിയിലെ ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നായിരുന്നു ആര്‍ സി ഓണറായ അമ്മയുടെ ഫോണിലേക്ക് ചലാന്‍ വന്നത്. ഇതോടെയാണ് ഇവര്‍ വയനാട് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായത്. തുടർന്ന് വടുവൻചാൽ ഭാഗത്ത് അന്വേഷണം നടത്തുകയായിരുന്നു.
Content Highlights- Children who had been reported missing from Thamarassery have been found safely