

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ മൈക്ക് ചതിച്ചു. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്.
ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു യുഡിഎഫ് എംഎല്‍എ റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം സീറ്റില്‍ ഇരുന്നശേഷം 'ഒരു കാരണവശാലും കൊടുക്കില്ല' എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇത് മൈക്കിലൂടെ പുറത്തുവന്നു. വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത എന്നായിരുന്നു കെ യു ജനീഷ് പറഞ്ഞത്. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും ജനീഷ് കുമാര്‍ പരിഹസിച്ചു.
സംഭവത്തില്‍ പ്രതികരിച്ച് റെജി ചെറിയാനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വിഷമം തോന്നിയെന്ന് എംഎല്‍എ പറഞ്ഞു. താനും ഒരു മനുഷ്യന്‍ ആണല്ലോ. കന്നി സബ്മിഷനില്‍ തന്നെ ഇങ്ങനെ ഉണ്ടായതില്‍ വിഷമമുണ്ട്. പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോ ആണോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കും. കുട്ടനാടിന് വേണ്ടിയാണ് അവധി ചോദിച്ചത്. വ്യക്തിപരമായ കാര്യത്തിന് ചോദിച്ച അവധി അല്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്ന് അറിയില്ല. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മുഖ്യമന്ത്രിയോട് ചോദിക്കും. വരും ദിവസങ്ങളില്‍ അത് ചോദിച്ചിരിക്കും. മൂലം വള്ളംകളിയുടെ പ്രാധാന്യം മനസ്സിലാക്കും എന്ന് പ്രതീക്ഷ. കുട്ടനാടിന്റെ ഉത്സവമാണ് ആ ദിവസം. അത് ഔദ്യോഗികം ആക്കണമെന്നാണ് തങ്ങളുടെ ആവശ്യം. സര്‍ക്കാരിന്റെ ഭാഗമായി നടക്കുന്ന വള്ളംകളി തന്നെയാണ് മൂലം വള്ളംകളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights- The Chief Minister stated that a holiday for the Moolam Vallamkali would not be granted under any circumstances. Responding to the issue, the concerned MLA clarified that the request was not made for any personal benefit.