'അവഹേളിച്ചതിന് നടപടിയില്ല, വിമർശിച്ചതിന് സ്ഥലംമാറ്റം'; ഫയർഫോഴ്‌സിൽ അച്ചടക്ക നടപടിയിൽ വേർതിരിവെന്ന് ആക്ഷേപം

മേലുദ്യോഗസ്ഥനെ വിമർശിച്ച ഡ്രൈവറെ സ്ഥലംമാറ്റി. അതേസമയം, മേലുദ്യോഗസ്ഥരെ അവഹേളിച്ച് റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം

'അവഹേളിച്ചതിന് നടപടിയില്ല, വിമർശിച്ചതിന് സ്ഥലംമാറ്റം'; ഫയർഫോഴ്‌സിൽ അച്ചടക്ക നടപടിയിൽ വേർതിരിവെന്ന് ആക്ഷേപം
dot image

മലപ്പുറം: കേരളാ ഫയര്‍ഫോഴ്‌സില്‍ അച്ചടക്ക നടപടിയില്‍ വേര്‍തിരിവെന്ന് ആക്ഷേപം. സൗഹൃദ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മേലുദ്യോഗസ്ഥരെ അവഹേളിച്ചു എന്നാരോപിച്ച് ഡ്രൈവറെ സ്ഥലംമാറ്റി. നിലമ്പൂര്‍ നിലയത്തിലെ വി വിമലിനെയാണ് കാസര്‍കോട് ഉപ്പളയിലേക്ക് സ്ഥലംമാറ്റിയത്. ഫീല്‍ഡില്‍ ജോലി ചെയ്യുന്ന സേനാംഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡല്‍ ലഭിക്കാത്തതിലാണ് വിമല്‍ വിമര്‍ശനം ഉയര്‍ത്തിയത്.

മെഡല്‍ ലഭിച്ച മേലുദ്യോഗസ്ഥര്‍ക്ക് ട്രംപിന്റെ മെഡല്‍ മാത്രമേ ഇനി കിട്ടാന്‍ ബാക്കിയുളളൂ എന്നായിരുന്നു വിമലിന്റെ പരിഹാസം. ഓഫീസ് ജോലികള്‍ മാത്രം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. 'നമ്മുടെ സര്‍വ്വീസിന് വേണ്ടി ഈ മഹാന്മാര്‍ ചെയ്ത ത്യാഗം അത് ഒരിക്കലും മറക്കരുത്. എന്തുകൊണ്ടും ഈ വക സ്ഥാനമാനങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാണ്. ട്രംപിന്റെ മെഡല്‍ മാത്രമേ ഇനി കിട്ടാന്‍ ബാക്കിയുളളു' എന്നായിരുന്നു വിമലിന്റെ വാട്‌സ്ആപ്പ് മെസേജ്. ബാക്ക്‌ബോണ്‍ എന്ന പേരിലുളള അനൗദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിമലിന്റെ മെസേജ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

അതേസമയം, യൂണിഫോം ധരിച്ച് വാഹനവും ഔദ്യോഗിക ഉപകരണങ്ങളും ഉപയോഗിച്ച് മേലുദ്യോഗസ്ഥരെ അവഹേളിച്ച് റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം കഞ്ചിക്കോട് നിലയത്തിലെ രണ്ട് ജീവനക്കാരാണ് മേലുദ്യോഗസ്ഥരെ അവഹേളിച്ച് റീല്‍സ് ചിത്രീകരിച്ചത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി ചാര്‍ജ് മെമ്മോ നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ല. ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.

നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. 'വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ സേവനങ്ങളുമായി ബന്ധമില്ലാത്തതോ വകുപ്പിന്റെ സൽപ്പേരിന് കളങ്കം ചാര്‍ത്തുന്നതോ ആയ റീല്‍സ് ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഇത്തരം റീല്‍സ് ചിത്രീകരിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു', ഉത്തരവില്‍ പറയുന്നു.

Content Highlights: Kerala Fire and Rescue Services officer transferred following a controversial message sent in an unofficial WhatsApp group against superiors receiving award

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us