

ഇന്നലെ നടന്ന സൗത്ത് ആഫ്രിക്ക - സൗത്ത് കൊറിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിയായിരുന്നു കൊറിയ സൗത്ത് ആഫ്രിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയത്. പരാജയത്തിന് പിന്നാലെ സൗത്ത് കൊറിയൻ പരിശീലകൻ ഹോങ് മ്യുങ്-ബോയ്‌ക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്. കൊറിയയുടെ സൂപ്പർ താരം സൺ ഹ്യൂങ് - മിന്നിനെ ബെഞ്ചിലിരുത്തിയതിലും വിമർശനം ഉയരുകയാണ്. അതേസമയം, ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോച്ച്. മത്സരശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പരിശീലകൻ കാര്യങ്ങൾ വിശദീകരിച്ചത്.
മത്സരശേഷം മാധ്യമങ്ങളെ കണ്ട കോച്ചിനോട് ടീമിനുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'കളിക്കാരുടെ പ്രകടനം മോശമായിരുന്നെന്നും, ഇതുവരെ ലോകകപ്പിൽ കളിച്ച മൂന്ന് കളികളിൽ വച്ച് ഏറ്റവും മോശം പ്രകടനമായിരുന്നു സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ കളിച്ചത്', അദ്ദേഹം തുറന്ന് സമ്മതിച്ചു. അതേസമയം, കൊറിയയുടെ സൂപ്പർ താരം സോണ്‍ ഹ്യൂങ്-മിന്നിനെ ആദ്യ പകുതിയിൽ ബെഞ്ചിൽ ഇരുത്തിയത് തന്ത്രത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ടീമിലെ മറ്റ് താരങ്ങൾക്ക് ഊര്‍ജ്ജമുള്ളപ്പോള്‍ മിന്നിനെ ഇറക്കുന്നതിനേക്കാള്‍ നല്ലത്, അവര്‍ തളരുമ്പോള്‍ ഇറക്കുന്നതാണ്. അപ്പോൾ മത്സരത്തിൽ അദ്ദേഹത്തിന് കൂടുതല്‍ സ്പേസ് ലഭിക്കും. ഇങ്ങനെ കരുതിയാണ് താരത്തെ പകരക്കാരനായി ഇറക്കിയത്', കോച്ച് വിശദീകരിച്ചു. നിലവിൽ ഗ്രൂപ്പ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് സൗത്ത് കൊറിയ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ടാം തോൽവിയും അടക്കം മൂന്ന് പോയിന്റാണ് ടീമിനുള്ളത്.
Content highlight: South Korea coach explains defeat against South Africa