PM ശ്രീ: മുൻ സർക്കാരിനെ പഴിച്ച് N ഷംസുദ്ദീൻ;പദ്ധതിയിൽ നിന്ന് പിന്മാറാത്തത് ചോദ്യം ചെയ്ത് P പ്രസാദ്, സഭയിൽ ബഹളം

എല്ലാം ചെയ്തത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യമാണ് പ്രതിപക്ഷം പറയുന്നതെന്നും ഷംസുദ്ദീന്‍

PM ശ്രീ: മുൻ സർക്കാരിനെ പഴിച്ച് N ഷംസുദ്ദീൻ;പദ്ധതിയിൽ നിന്ന് പിന്മാറാത്തത് ചോദ്യം ചെയ്ത് P പ്രസാദ്, സഭയിൽ ബഹളം
dot image

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. സിപിഐ എംഎല്‍എ പി പ്രസാദാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. എല്ലാം ചെയ്തത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യമാണ് പ്രതിപക്ഷം പറയുന്നതെന്നും ഷംസുദ്ദീന്‍ പറയുന്നു.

'പുതിയ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. എസ്എസ്‌കെ ഫണ്ടിന് വേണ്ടിയാണ് ഒപ്പിട്ടത് എന്ന് പറഞ്ഞത് തെറ്റാണ്. 2024 മാര്‍ച്ച് 30ന് അന്നത്തെ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. കരാര്‍ റദ്ദാക്കണമെന്ന് കത്തില്‍ പറയുന്നില്ല. പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. പദ്ധതി നടപ്പാക്കാമെന്ന അഷ്വറന്‍സ് ലെറ്റര്‍ ആണ് നല്‍കിയത്. 2025 ഒക്ടോബര്‍ 16ന് ധാരണാ പത്രം ഒപ്പിട്ടു. ഇരുട്ടിന്റെ മറവിലാണ് കഴിഞ്ഞ സര്‍ക്കാര്‍ എം ഒ യു ഒപ്പിട്ടത്', എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

കേരളത്തിന്റെ അവകാശങ്ങള്‍ ബലികഴിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ചതെന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ ചെയ്ത പോലെ നിഗൂഢമായ ഒരു പ്രവര്‍ത്തനവും തങ്ങള്‍ നടത്തിയിട്ടില്ല. ജാള്യത മറയ്ക്കാനാണ് തങ്ങള്‍ക്കെതിരെ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. കരാര്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

'ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. പി എം ശ്രീയുടെ പ്രചാരകരാണ് കഴിഞ്ഞ സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി ഫൈറ്റ് ചെയ്തവരാണ് എല്‍ഡിഎഫ്. എന്തുകൊണ്ട് കഴിഞ്ഞ മന്ത്രിസഭ ഉപസമിതി പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകുന്ന തീരുമാനം എടുത്തില്ല. ഒപ്പിട്ട് പ്രതിസന്ധിയിലാക്കിയത് നിങ്ങളാണ്. ഈ സര്‍ക്കാര്‍ ഉപസമിതി ഒരു തീരുമാനവും എടുത്തിട്ടില്ല. ഊഹത്തിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത് ശരിയല്ല. ഞങ്ങള്‍ പി എം ശ്രീയുടെ ആളുകള്‍ അല്ല. കേന്ദ്രസര്‍ക്കാരിനെതിരായ യുഡിഎഫിന്റെ നിലപാടുകള്‍ വ്യക്തമാണ്. അതിനെതിരെ എന്നും പോരാടിയവരാണ് കോണ്‍ഗ്രസും ലീഗും. അതില്‍ ഒരു മാറ്റവും വരുത്തില്ല', എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി.

എത്ര ബഹളം വെച്ചാലും പറയാനുള്ളത് പറയുമെന്നാണ് ഇതിന് പ്രസാദ് മറുപടി നല്‍കിയത്. പദ്ധതി നടപ്പിലാക്കില്ല എന്നു പറയാന്‍ ഷംസുദ്ദീന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും മുസ്‌ലിം ലീഗിന്റെ പ്രതിനിധി അല്ലേ ഷംസുദ്ദീന്‍ എന്നും അദ്ദേഹം ചോദിച്ചു. നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇത് തങ്ങളുടെ ആശയം ആണെന്ന് ആര്‍എസ്എസ് പറയുന്നു. ആര്‍എസ്എസിന്റെ പെറ്റ് പ്രോജക്ട് ആണെന്ന് പറഞ്ഞത് മാത്യു കുഴല്‍നാടനാണ്. അതിനോട് തങ്ങള്‍ യോജിക്കുന്നുവെന്നും അത് ഈ സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുണ്ടോയെന്നും പി പ്രസാദ് ചോദിച്ചു.

'പദ്ധതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയില്‍ 2026 മെയ് 8 ന് അത് അറിയിച്ചിട്ടുണ്ട്. അത് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കി എന്ന് വിദ്യാഭ്യാസ മന്ത്രി എന്തുകൊണ്ടാണ് പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച പദ്ധതിയാണ് പി എം ശ്രീ. അത് മുന്നോട്ടു കൊണ്ടുപോകാനാണ് യുഡിഎഫിന്റെ ശ്രമം. ഞങ്ങളാരും ആര്‍എസ്എസിനെ അനുകൂലിക്കില്ല. എന്‍സിഇആര്‍ട്ടി വെട്ടി മാറ്റിയ ഗാന്ധിവധം അടക്കം പഠിപ്പിച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ബദല്‍മാര്‍ഗ്ഗം നടപ്പിലാക്കിയവരാണ് ഞങ്ങള്‍', പി പ്രസാദ് പറഞ്ഞു. ഒപ്പിട്ടു ഇനി ഒന്നും കഴിയില്ല എന്ന് പറഞ്ഞ് ആരുടെ അംബാസിഡര്‍ ആവുകയാണ് നിങ്ങള്‍ എന്നും പി പ്രസാദ് ചോദിച്ചു. എംഒയുവിന് നിയമപ്രാബല്യം ഇല്ല. വിദ്യാഭ്യാസത്തിന്റെ കൂട്ടക്കൊലയാണ് ദേശീയ വിദ്യാഭ്യാസ നയം എന്ന് പറഞ്ഞത് സോണിയ ഗാന്ധിയാണാണെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.

പി പ്രസാദിന് പറയാന്‍ ഒന്നുമില്ലെന്ന് എന്‍ ഷംസുദ്ദീന്‍ പരിഹസിച്ചു. അന്ന് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചവരാണ് പ്രസാദിന്റെ പാര്‍ട്ടിക്കാര്‍. എട്ടുമാസം ഉണ്ടായിട്ടും എന്തുകൊണ്ടാണ് സുപ്രീംകോടതിയെ നിങ്ങളുടെ പാര്‍ട്ടി സമീപിക്കാതിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഇപി നടപ്പിലാക്കി. അന്നൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍ ഉറക്കെ കരഞ്ഞിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് എന്‍ ഷംസുദ്ദീന്‍ പരിഹസിച്ചു.

'സവര്‍ക്കറുടെ പാഠഭാഗം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയവര്‍ ആരാണ്. പ്രകാശ് ജാവദേക്കാര്‍ ഇപി ജയരാജനെ കാണാന്‍ വന്നത് സീറ്റ് ചോദിക്കാനാണ്. അതിനുശേഷം ആണ് തൃശൂര്‍ സീറ്റ് വിട്ടുകൊടുത്തത്. കേന്ദ്രത്തിന്റെ ട്രാപ്പില്‍ നിന്നു കൊടുത്തവരാണ് കഴിഞ്ഞ സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിച്ചേ തീരുമാനമേ എടുക്കൂ. സംഘപരിവാര്‍ അജണ്ടകള്‍ക്ക് കീഴ്‌പ്പെടില്ല. ഞങ്ങള്‍ ഒരു കരാറിലും ഒപ്പു വെച്ചിട്ടില്ല', എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Content Highlights: A heated exchange took place in the Kerala Assembly between N Shamsudheen and P Prasad during discussions related to the PM SHRI scheme

dot image
To advertise here,contact us
dot image