

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലെന്ന് യുഡിഎഫ് കൗണ്‍സിലര്‍ കെ എസ് ശബരിനാഥന്‍. എങ്ങനെ ഭരിക്കണമെന്നതില്‍ മേയര്‍ക്ക് അവ്യക്തതയുണ്ടെന്നും ശബരിനാഥന്‍ ആരോപിച്ചു. ജനങ്ങള്‍ കഷ്ടപ്പാടിലാണ്. മരാമത്ത് വകുപ്പുകളിലെ പണികള്‍ ഒരു മാസമായി നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ ഭരണസമിതിയുടേത് മെല്ലെപ്പോക്ക് നയമാണെന്നും അദ്ദേഹം ആരോപിച്ചു. സുഗതനെ അറസ്റ്റ് ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ധൈര്യം കാണിച്ചു. കൗണ്‍സില്‍ യോഗം വിളിക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ മാസവും യോഗം വിളിക്കണമെന്ന ചട്ടമുണ്ടായിട്ടും വിളിച്ചില്ല. സുഗതനെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണം താറുമാറാക്കിയെന്നും ശബരിനാഥന്‍ പറയുന്നു. ഒരാള്‍ക്ക് വേണ്ടി ഭരണം സ്തംഭിപ്പിച്ചു. ഏപ്രിലിലെ യോഗത്തില്‍ പങ്കെടുത്തതിന്റെ രേഖ കാണിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
29 ന് ചേരുന്ന കൗണ്‍സിലില്‍ സത്യപ്രതിജ്ഞ നടത്തണം. കാപ്പ കേസ് പ്രതി വരാന്‍ വേണ്ടി വീണ്ടും നീട്ടിക്കൊണ്ടുപോകരുത്. ഒരാള്‍ക്ക് വേണ്ടി ഒരു നഗരത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കരുത്. കൗണ്‍സില്‍ ചേരാന്‍ യുഡിഎഫ് മൂന്ന് തവണ കത്ത് നല്‍കി. കൗണ്‍സിലിലെ പ്രാഥമിക അജണ്ട സത്യപ്രതിജ്ഞയാവണം. സത്യപ്രതിജ്ഞ നിയമവിധേയമായി നടക്കണം. ഹൈക്കോടതി വിധിയില്‍ പേരെടുത്ത് പറഞ്ഞവരുടെ സത്യപ്രതിജ്ഞ നടക്കട്ടെയെന്നും ശബരീനാഥന്‍ പറഞ്ഞു.
ഏപ്രിലിലെ യോഗത്തില്‍ സുഗതന്‍ ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സുഗതന്‍ ഉണ്ടായിരുന്നോയെന്നത് ദൃശ്യങ്ങള്‍ കൂടി നോക്കി ഉറപ്പിക്കണം. സുഗതന്‍ പങ്കെടുത്തു എന്നതില്‍ ഒരുറപ്പുമില്ല. രേഖകളും പരിശോധിക്കണം. 27ാം തീയതിയിലെ യോഗത്തിന്റെ മിനിറ്റ്‌സ് ലഭിച്ചില്ല. മിനിറ്റ്‌സിന് വേണ്ടിയുള്ള അപേക്ഷ നല്‍കി. സുഗതന്‍ കൗണ്‍സിലില്‍ പങ്കെടുത്തോയെന്ന ഓര്‍മ തനിക്കില്ല. അന്ന് തന്നെ നടന്ന ഒരു സമരത്തില്‍ സുഗതന്‍ പങ്കെടുത്തിരുന്നു. മേയറും കൂട്ടരും കൃത്രിമം കാണിക്കില്ലെന്ന് വിശ്വസിക്കുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ഉറപ്പുവരുത്തിയ ശേഷം പറയാമെന്നും ശബരീനാഥന്‍ കൂട്ടിച്ചേർത്തു.
Content Highlights: K. S. Sabareenathan criticized the mayor, alleging a lack of clarity in governing the municipal corporation. He claimed that administrative shortcomings are affecting the public and contributing to ongoing difficulties faced by residents