

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ സംരക്ഷകനായി വെള്ളാപ്പള്ളിയെ സിപിഐ കണ്ടിട്ടില്ലെന്നും ഇനി കാണുകയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കെ കെ മഹേശന്റെ മരണത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ ഇടംകൈയ്യും വലംകൈയ്യും ആയിരുന്ന ആളാണ് ആത്മഹത്യ ചെയ്തതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
'വെള്ളാപ്പള്ളിക്കെതിരെ ആരോപണമുണ്ട്. ആത്മഹത്യാ കുറിപ്പുണ്ട്. കുറ്റവാളിയെ രക്ഷിക്കാന്‍ സിപിഐ ഉണ്ടാകില്ല, ഉണ്ടായിട്ടുമില്ല. കെ കെ മഹേശന്റെ ആത്മഹത്യയില്‍ അന്വേഷണം വേണം', ബിനോയ് വിശ്വം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലും അദ്ദേഹം പ്രതികരിച്ചു.
കേരളത്തെ മദ്യത്തില്‍ മുക്കിത്താഴ്ത്താന്‍ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മദ്യ ലോബിക്ക് വേണ്ടിയുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ മദ്യനയം ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു. പി എം ശ്രീ പദ്ധതിയിലും ബിനോയ് വിശ്വം പ്രതികരിച്ചു.
'എല്‍ഡിഎഫിന്റെ കാലത്ത് തിരുത്തിക്കാന്‍ രാഷ്ട്രീയമായ ആര്‍ജ്ജവം സിപിഐക്ക് ഉണ്ടായിരുന്നു. അതില്‍ ഒരു കുറവുണ്ടായിട്ടില്ല. എല്‍ഡിഎഫ് തെറ്റ് തിരുത്തി. യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പി എം ശ്രീയുടെ വഴിക്ക് പോവുകയാണ്. അറബിക്കടല്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. അറബിക്കടലില്‍ മുക്കിത്താഴ്ത്തുമെന്നാണ് അന്ന് ലീഗ് പറഞ്ഞത്. ലീഗ് കവാത്ത് മറക്കുന്നു. ലീഗ് കനത്ത വില കൊടുക്കേണ്ടിവരും', ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: CPI General Secretary Binoy Viswam has come out against SNDP Yogam General Secretary Vellappally Natesan