

ആലപ്പുഴ: ധാതു മണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ പ്രസംഗം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉടന്‍ ഖനനം നിര്‍ത്തുമെന്ന പ്രസംഗ ഭാഗമാണ് ചര്‍ച്ചയാകുന്നത്. പുതുയുഗ യാത്രയില്‍ തോട്ടപ്പള്ളിയിലെ കരിമണല്‍ വിരുദ്ധ സമരപ്പന്തലില്‍ വെച്ചായിരുന്നു വി ഡി സതീശന്റെ നിലപാട് പ്രഖ്യാപനം.
'കരിമണല്‍ ഖനനത്തിനെതിരെ ഇപ്പോള്‍ സമരം ചെയ്യുകയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഖനനം അപ്പോള്‍ നിര്‍ത്തും. ആലപ്പുഴയുടെ പാരിസ്ഥിതികമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. ക്ലിയര്‍ നിലപാടാണ്. നിലപാടില്‍ വ്യത്യാസമില്ല', എന്നായിരുന്നു വി ഡി സതീശന്റെ അന്നത്തെ പ്രസംഗം. എന്നാല്‍ ബജറ്റില്‍ ഖനനത്തിന് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യുന്ന പ്രഖ്യാപനമാണ് വി ഡി സതീശന്‍ നടത്തിയത്.
അതേസമയം ധാതു മണല്‍ ഖനനത്തിന് എതിരെ മുതിര്‍ന്ന നേതാവ് വി എം സുധീരന് പിന്നാലെ എഐസിസി സെക്രട്ടറി ടി എന്‍ പ്രതാപനും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ധാതുമണല്‍ ഖനനവും കടല്‍ മണല്‍ ഖനനവും ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. 'നമ്മള്‍ തുടങ്ങിയ ഹരിത രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ? കരിമണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ല', ടി എന്‍ പ്രതാപന്‍ പറഞ്ഞു.
പരിസ്ഥിതിക്കും അതിജീവനത്തിനും വേണ്ടി ഉറച്ചു നിന്നവരാണ് തങ്ങളെന്നും ടി എന്‍ പ്രതാപന്‍ ഓര്‍മിപ്പിച്ചു. ധാതുമണല്‍ ഖനനം പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്നും കേരളത്തിലെ ഖനന പദ്ധതി അദാനിക്ക് വേണ്ടിയാണെന്ന് ആരോപണമുണ്ടന്നും പ്രതാപന്‍ പറഞ്ഞു. 'ഖനനനീക്കം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സമുദ്ര മിഷന്‍ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സര്‍ക്കാരിന് അപകീര്‍ത്തി ഉണ്ടാക്കും', ടി എന്‍ പ്രതാപന്‍ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനും ധാതുമണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുമുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. 'ആലപ്പുഴയിലെ തീരദേശ ജനത വളരെയേറെ ആശങ്കയിലായിരിക്കുകയാണ്. ആലപ്പുഴ തീരദേശത്തെ സര്‍വനാശത്തിലേക്കെത്തിക്കുന്ന സ്വകാര്യ കരിമണല്‍ കമ്പനിയുടെ എല്ലാവിധ നീക്കങ്ങള്‍ക്കും അക്കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതി ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജനവികാരം മാനിച്ചുകൊണ്ട് പിന്‍വലിക്കപ്പെട്ടത് ഇന്നും സജീവ സ്മരണയായി നമ്മുടെ മനസിലുണ്ട്', സുധീരന്‍ പറഞ്ഞു.
മദ്യനയത്തിലും കരിമണല്‍ ഖനനത്തിലും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. 'കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇത്തരം ആശങ്കകളെല്ലാം പരിഹരിച്ച് മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂ. വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫ് മുന്നണിക്കും വ്യക്തമായ നിലപാടുണ്ട്. ദേശീയ തലത്തിലെ തീരുമാനം എന്തായിരിക്കുമോ അതുതന്നെയാണ് കേരളത്തിലും നടക്കുക', എന്നായിരുന്നു കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.
Content Highlights: An old speech by Chief Minister VD Satheesan has resurfaced and sparked fresh debate following the budget announcement proposing private investment in the mineral sand sector