

ആലപ്പുഴ: കരിമണല്‍ ഖനന നീക്കത്തിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്. മിഷന്‍ സമുദ്ര, ബ്ലൂ എക്കോണമി പദ്ധതികളെ എതിര്‍ക്കുമെന്ന് പി പ്രസാദ് എംഎല്‍എ വ്യക്തമാക്കി. പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കരിമണല്‍ ഖനനമാണ്. സമുദ്രത്തിന്റെ അടിത്തട്ട് ഇളക്കിയുള്ള മത്സ്യബന്ധനവും ഇതിന്റെ ഭാഗമാകും. ഇത് സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും പി പ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മിഷന്‍ സമുദ്രയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളില്‍ പലതും തീരദേശത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ്. കരിമണല്‍ ഖനനത്തിനെ ലക്ഷ്യം വച്ചുള്ള റയര്‍ എര്‍ത്ത് കോറിഡോര്‍ അടക്കം ബജറ്റിന്റെ ഭാഗമാണ്. ആലപ്പുഴയിലെ ജനപ്രതിനിധി എന്ന നിലയില്‍ കെ സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശ ജനതയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് പ്രക്ഷോഭങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'തീരത്തെ തീറെഴുതാന്‍ അനുവദിക്കില്ല. തീരത്തെ സംരക്ഷിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാന്‍ അനുവദിക്കില്ല. മിഷന്‍ സമുദ്ര തീരദേശത്തിന്റെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ബ്ലൂ ഇക്കോണമില്‍ സമുദ്ര ഖനനമാണ് സുപ്രധാന ഘടകം. സമുദ്രത്തിന്റെ അടിത്തട്ടിളക്കിയുള്ള മത്സ്യബന്ധനവും ഇതിന്റെ ഭാഗമാകും. സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതും തീരദേശത്തെ ഇല്ലാതാക്കുന്നതുമാണ് പദ്ധതി. ആന്‍ഡമാന്‍ നിക്കോബറില്‍ രാഹുല്‍ഗാന്ധി സ്വീകരിച്ച നിലപാടിന് വിരുദ്ധമാണിത്. തീരം സ്വകാര്യവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ മേഖലയായായി മാറും.' പി പ്രസാദ് പറഞ്ഞു.
എല്‍ഡിഎഫ് ഭരണകാലത്ത് തോട്ടപ്പള്ളിയില്‍ ഖനന നടപടികള്‍ നടന്നപ്പോള്‍ സിപിഐ സമരരംഗത്തുണ്ടായിരുന്നു. നിലവില്‍ യുഡിഎഫ് സര്‍ക്കാര്‍ ആലപ്പുഴയിലെ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ബ്ലൂ എക്കോണമിയുമായി മുന്നോട്ടുപോകുമ്പോള്‍, ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഐ തീരുമാനം. ഇത്തരം പദ്ധതികള്‍ തീരശോഷണം ഉണ്ടാക്കുന്നതാണെന്നും പി പ്രസാദ് ചൂണ്ടിക്കാട്ടുന്നു. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചകളൊന്നും നടത്താതെ ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ തോട്ടപ്പള്ളിയില്‍ മാത്രമല്ല സംസ്ഥാനത്തെ തീരപ്രദേശങ്ങളിലാകെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: The CPI is set to launch protests against beach sand mining in Kerala. The party has expressed concerns about the environmental and social consequences of mining activities along coastal areas.