'ആണവ പരിശോധനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല'; ജെ ഡി വാന്‍സിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍

ആണവ നിരീക്ഷകരെ പരിശോധനയ്ക്കായി പ്രവേശിക്കാന്‍ ഇറാന്‍ സമ്മതിച്ചെന്ന അവകാശവാദമാണ് ഇറാന്‍ തള്ളിയിരിക്കുന്നത്

'ആണവ പരിശോധനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല'; ജെ ഡി വാന്‍സിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍
dot image

വാഷിങ്ടണ്‍: ഇറാന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍. ആണവ നിരീക്ഷകരെ പരിശോധനയ്ക്കായി പ്രവേശിക്കാന്‍ ഇറാന്‍ സമ്മതിച്ചെന്ന അവകാശവാദമാണ് ഇറാന്‍ തള്ളിയിരിക്കുന്നത്. ആണവ പരിശോധനയുമായി ബന്ധപ്പെട്ട ഒരു പുതിയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങളില്‍ ചിലതില്‍ ഭാഗിക ഇളവ് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വാന്‍സിന്റെ പ്രതികരണം.

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (IAEA)യുടെ പരിശോധനാ സംഘത്തെ വീണ്ടും പരിശോധനയ്ക്ക് അനുവദിക്കാന്‍ ഇറാന്‍ സമ്മതിച്ചതായുള്ള ജെ ഡി വാന്‍സിന്റെ പ്രതികരണ വലിയ ചര്‍ച്ചയായിരുന്നു. ഐഎഇഎ പരിശോധനാ സംഘം എപ്പോള്‍ ഇറാനിലേക്ക് മടങ്ങിയെത്തുമെന്ന ചോദ്യത്തോടായിരുന്നു ജെ ഡി വാന്‍സിന്റെ പ്രതികരണം. 'കുറഞ്ഞത് ഈ ആഴ്ചയ്ക്കുള്ളില്‍ നടപടികള്‍ ആരംഭിക്കും. ഐഎഇഎയുമായുള്ള ചര്‍ച്ചകള്‍ ഇന്നുതന്നെ ആരംഭിക്കാനും സാധ്യതയുണ്ട്' എന്നായിരുന്നു വാന്‍സിന്റെ മറുപടി.

ഇറാനുമായുള്ള അന്തിമ കരാറിലേക്കുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ മികച്ച പുരോഗതി കൈവരിച്ചതായും വാന്‍സ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ഏകോപന സംവിധാനവും ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളായിരുന്നുവെന്നും ജെ ഡി വാന്‍സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാനും അമേരിക്കയും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ ഉണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തില്‍ ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളില്‍ ചിലതില്‍ ഭാഗിക ഇളവ് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ ട്രഷറി വകുപ്പ് 60 ദിവസത്തേക്കാണ് പ്രത്യേക ഉപരോധ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇറാനിയന്‍ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന എന്നിവയ്ക്ക് താല്‍ക്കാലിക അനുമതി ലഭിച്ചിരിക്കുകയാണ്. ഈ ഇളവ് ഓഗസ്റ്റ് 21വരെയാണ് പ്രാബല്യത്തിലുണ്ടാവുക. നിലവില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉത്തരകൊറിയ, ക്യൂബ, റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ന്‍ പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഈ അനുമതി ബാധകമല്ല.

Content Highlights: Iran has dismissed claims made by US Vice President JD Vance, rejecting the allegations and reiterating its official position

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us