'വെള്ളാപ്പള്ളി വഴിയാധാരമാക്കിയ കുടുംബം, ഇപ്പോഴും ഭീഷണി തുടരുന്നു'; KK മഹേശന്റെ ഭാര്യ റിപ്പോർട്ടർ ടിവിയോട്

നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ എന്തെല്ലാം തടസങ്ങളുണ്ടായാലും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഉഷ വ്യക്തമാക്കി

'വെള്ളാപ്പള്ളി വഴിയാധാരമാക്കിയ കുടുംബം, ഇപ്പോഴും ഭീഷണി തുടരുന്നു'; KK മഹേശന്റെ ഭാര്യ റിപ്പോർട്ടർ ടിവിയോട്
dot image

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ കെ മഹേശന്റെ ഭാര്യ. വെള്ളാപ്പള്ളിയുടെ ഒരു ഗതിക്ക് പരഗതിയില്ലാത്തവന്‍ പരാമര്‍ശത്തില്‍ സഹതാപമാണ് തോന്നിയതെന്ന് മഹേശന്റെ ഭാര്യ ഉഷാ ദേവി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. എന്താണ് പറയുന്നതെന്ന ബോധം വെള്ളാപ്പള്ളിക്കില്ലെന്നും അവര്‍ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശന്‍ വഴിയാധാരമാക്കിയ കുടുംബമാണ് തങ്ങളുടേതെന്നും ഇപ്പോഴും ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ഉഷ പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളി നടേശന്‍ മഹേശനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മഹേശനെതിരെ സ്ത്രീവിരുദ്ധ ആരോപണങ്ങള്‍ അടക്കം വെള്ളാപ്പള്ളി ഉയര്‍ത്തിയിരുന്നു.

ഒരു ഗതിയും പരഗതിയുമില്ലാത്ത മഹേശനെ ഒപ്പം നിര്‍ത്തി അദ്ദേഹത്തിന്റെ കഴിവ് മുഴുവന്‍ വിനിയോഗിച്ച് പദവി നേടിയതും ഉയരങ്ങളിലെത്തിയതും വെള്ളാപ്പള്ളിയാണ്. ആരുമൂലമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയാധാരമായതെന്ന് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന നാട്ടുകാര്‍ക്ക് അറിയാം. അതിലുള്‍പ്പെടുന്ന ഒരു കുടുംബമാണ് തങ്ങളുടേതെന്നും ഉഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വര്‍ഷങ്ങളായി ശാരീരികമായും മാനസികമായും തളര്‍ത്തുന്ന ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ എന്തെല്ലാം തടസങ്ങളുണ്ടായാലും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഉഷ വ്യക്തമാക്കി.

വെള്ളാപ്പള്ളി എല്ലാ മനുഷ്യരെയും ആക്ഷേിക്കുന്ന തരത്തില്‍ സംസാരിക്കുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്യും. വെള്ളാപ്പള്ളിയുടെ ഭീഷണി ഇപ്പോഴും നേരിടുകയാണ്. സാമ്പത്തികമായി ഒരു ഗതിക്ക് പരഗതി ഇല്ലായിരുന്നെങ്കിലും മഹേശന്റെ അമ്മ കഷ്ടപ്പെട്ട് അദ്ദേഹത്തിന് വിദ്യാഭ്യാസം നൽകിയിരുന്നു. കെ കെ മഹേശന്റെ വിദ്യാഭ്യാസവും കഴിവും ഉപയോഗിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് കാണുന്ന പദവികളില്‍ എത്തിയത്. എന്നാല്‍ അതിന് ശേഷം തള്ളിപ്പറഞ്ഞു. അന്വേഷണം ഉണ്ടായപ്പോള്‍ എല്ലാ കുറ്റവും കെ കെ മഹേശന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നടത്തിയെന്നും ഉഷ പറഞ്ഞു.

കഴിഞ്ഞ ആറു വര്‍ഷമായി മഹേശന് നീതി തേടിയുള്ള പോരാട്ടത്തിലാണ്. മുന്‍ മുഖ്യമന്ത്രിക്ക് മൂന്ന് തവണ പരാതി നല്‍കി. കോടതി നിര്‍ദേശപ്രകാരം ആരംഭിച്ച അന്വേഷണം പിന്നീട്ട് അട്ടിമറിക്കപ്പെടുന്നതാണ് കണ്ടതെന്ന് മഹേശന്റെ കുടുംബം പറയുന്നു. വി എം സുധീരന്‍ മുഖേന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വീണ്ടും ഇക്കാര്യത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഉഷ പറഞ്ഞു.


ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് മഹേശന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നല്‍കിയത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തുടർനടപടിയുണ്ടായിട്ടില്ല.

എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു കെ കെ മഹേശന്‍. മൈക്രോഫിനാന്‍സ് കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് 2020 ജൂണില്‍ മഹേശനെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 32 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ തന്നെ ബലിയാടാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന് മഹേശന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം വെള്ളാപ്പള്ളി നടേശനെയും മാനേജര്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയും പ്രതിയാക്കിയെങ്കിലും ഇടത് സര്‍ക്കാറിന്റെ കാലത്ത് അന്വഷണം വെള്ളാപ്പള്ളിയിലേക്ക് എത്തിയിരുന്നില്ല.

Content Highlights: KK Maheshan's wife claimed that her family continues to face threats and intimidation. Speaking to Reporter TV, she raised concerns about the ongoing situation and referred to issues connected to Vellappally Natesan

dot image
To advertise here,contact us
dot image