'അമ്മ'യ്ക്കുള്ളില്‍ വന്‍തര്‍ക്കം; വൈകാരികമായി പ്രതികരിച്ച് മോഹന്‍ലാല്‍; യോഗത്തിനെത്താതെ യുവതാരനിര

റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ 45 ദിവസം സമയം അനുവദിക്കണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു

'അമ്മ'യ്ക്കുള്ളില്‍ വന്‍തര്‍ക്കം; വൈകാരികമായി പ്രതികരിച്ച് മോഹന്‍ലാല്‍; യോഗത്തിനെത്താതെ യുവതാരനിര
dot image

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വന്‍തര്‍ക്കം. വിയോജിപ്പിലും തര്‍ക്കത്തിലും മുങ്ങി വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ ആയില്ല. വ്യക്തതയില്ലാത്ത കണക്ക് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് നടന്‍ സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ നിലപാട് വ്യക്തമാക്കി. കണക്കുകള്‍ തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ലെന്ന് രഞ്ജി പണിക്കരും പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യോഗത്തില്‍ വൈകാരികമായാണ് മോഹന്‍ലാല്‍ സംസാരിച്ചത്. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ 45 ദിവസം സമയം അനുവദിക്കണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് പാസാക്കാന്‍ ശ്രമം നടത്തും. സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുന്‍പില്‍ ചീഞ്ഞളിഞ്ഞെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. പേര് ചീത്തയാക്കിയത് സംഘടനക്ക് ഉള്ളില്‍ ഉള്ളവരാണെന്നും അംഗങ്ങള്‍ ആരോപിച്ചു.

അതേസമയം വലിയ യുവതാരനിര തന്നെ യോഗത്തില്‍ നിന്നും വിട്ടുനിന്നു. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബേസില്‍ ജോസഫ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുന്നത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറല്‍ ബോഡി യോഗം. അമ്മയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. അന്‍സിബ ഇന്ന് യോഗത്തിനെത്തിയിരുന്നു.

അതിനിടെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയിരുന്നു നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ആക്ഷേപവും ഉയര്‍ന്നു.

Content Highlights: The AMMA General Body meeting witnessed heated arguments and disagreements, resulting in the annual report failing to secure approval amid internal divisions within the organization.

dot image
To advertise here,contact us
dot image