'ലീഗിന്റെ പിഎം ശ്രീ മുഹബ്ബത്ത് നടക്കില്ല; ഭരണം കിട്ടിക്കഴിഞ്ഞപ്പോൾ അൾഷിമേഴ്‌സ് ബാധിച്ച പോലെ ഒന്നും ഓർമ്മയില്ല'

ലീഗ് പ്രതിപക്ഷത്താകുമ്പോൾ തനി വർഗ്ഗീയവും ഭരണത്തിൽ കയറുമ്പോൾ "കപട മതേതരവു"മാകുന്നത് ഇന്ന് സാധാരണ കാഴ്ചയാണെന്ന് കെ ടി ജലീൽ

'ലീഗിന്റെ പിഎം ശ്രീ മുഹബ്ബത്ത് നടക്കില്ല; ഭരണം കിട്ടിക്കഴിഞ്ഞപ്പോൾ അൾഷിമേഴ്‌സ് ബാധിച്ച പോലെ ഒന്നും ഓർമ്മയില്ല'
dot image

കൊച്ചി: മുസ്‌ലിം ലീഗിന്റെ പിഎം ശ്രീ മുഹബ്ബത്ത് നടക്കില്ലെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. രണ്ട് 'പച്ചക്കുപ്പായം' മാറി മാറി അണിഞ്ഞ് നല്ലപിള്ള ചമയുന്നത് ഇനിയെങ്കിലും ലീഗ് അവസാനിപ്പിക്കണമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പടച്ചവനെ പേടിച്ചില്ലെങ്കിലും പടപ്പുകളെയെങ്കിലും പേടിക്കണ്ടേയെന്നാണ് ജലീലിന്റെ ചോദ്യം.

പിഎം ശ്രീ എല്‍ഡിഎഫിന് നിഷിദ്ധമെങ്കില്‍ ടീം യുഡിഎഫിനും നിഷിദ്ധം തന്നെയാണ്. അത് 'ഹലാലാ'ക്കാന്‍ ലീഗിന്റെ 'ഇച്ചാച്ചന്‍' വിചാരിച്ചാലും നടക്കില്ല. ഭരണം കിട്ടുന്നത് വരെ സമുദായവും സമുദായത്തിന്റെ നഷ്ടപ്പെട്ട അവകാശങ്ങളും പറയും. ദീനും മതവും പൊക്കിപ്പിടിക്കും. ഭരണം കിട്ടിക്കഴിഞ്ഞാല്‍ എല്ലാം മറക്കുന്നവരാണ് ലീഗെന്നും അള്‍ഷിമേഴ്‌സ് ബാധിച്ച പോലെ പിന്നെ അവര്‍ക്കൊന്നും ഓര്‍മ്മയുണ്ടാവില്ലെന്നും കെ ടി ജലീല്‍ ആരോപിച്ചു. പ്രതിപക്ഷത്താകുമ്പോള്‍ ലീഗിന് മതമാണ് പ്രശ്‌നമെന്നും ഭരണത്തിലാകുമ്പോള്‍ മതമല്ല, ഭരണമാണ് പ്രശ്‌നമെന്നും ജലീല്‍ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലീഗിൻ്റെ പി.എം ശ്രീ മുഹബ്ബത്ത് നടക്കില്ല!

ടീം യു.ഡി.എഫിന് എന്തുമാകാമല്ലോ? മുസ്ലിങ്ങളുടെ എതിർപ്പ് മുഴുവൻ ആവിയാക്കാൻ മുസ്ലിംലീഗുണ്ടല്ലോ കൂടെ? ലീഗങ്ങിനെയാണ്. ഭരണം കിട്ടുന്നത് വരെ സമുദായവും സമുദായത്തിൻ്റെ നഷ്ടപ്പെട്ട അവകാശങ്ങളും പറയും. ദീനും മതവും പൊക്കിപ്പിടിക്കും. ഭരണം കിട്ടിക്കഴിഞ്ഞാൽ എല്ലാം മറക്കും. അൾഷിമേഴ്സ് ബാധിച്ച പോലെ പിന്നെ അവർക്കൊന്നും ഓർമ്മയുണ്ടാവില്ല.

സമകാലിക മുസ്ലിംലീഗ് പ്രതിപക്ഷത്തിരിക്കുമ്പോൾ തനിവർഗ്ഗീയത പറയും, കളിക്കും, പ്രചരിപ്പിക്കും. അതുവരെ അവർക്ക് "അള്ളാഹു" വേണം. "തൊപ്പി" വേണം. പി.എം ശ്രീ മുസ്ലിം വിരുദ്ധമാകും. മുനമ്പം വഖഫാണ്. മലപ്പുറത്തെ എയ്ഡഡ് സ്കൂളുകൾക്ക് രണ്ടും മൂന്നും കോഴ്സുകൾ കൊടുക്കണം. ഗവ: പ്ലീഡർമാരിൽ മുസ്ലിം പ്രാതിനിദ്ധ്യമില്ല. മലപ്പുറം ജില്ല വിഭജിക്കണം. ഒരു മുസ്ലിം പേരുള്ളയാളെ എന്തെങ്കിലും ആരോപണങ്ങളെ തുടർന്ന് പോലീസ് പിടികൂടിയാൽ പിണറായി പോലീസ് സംഘി പോലീസ്. നിലവിളക്ക് കൊളുത്തലും അത് കൈമാറലും ഇസ്ലാമിക വിരുദ്ധം. പ്രതിപക്ഷത്താകുമ്പോൾ ലീഗിന് മതമാണ് മതമാണ് മതമാണ് പ്രശ്നം.

ഭരണം കിട്ടിയാലോ? "അള്ളാഹു" വേണ്ട. "തൊപ്പി" വേണ്ട. പി.എം ശ്രീ അനിവാര്യം. മുനമ്പം വഖഫല്ല. മലപ്പുറത്തെ +2 പ്രശ്നം പഠിക്കട്ടെ. മലപ്പുറം ജില്ല വിഭജിച്ചാൽ അത് വർഗീയ ധ്രുവീകരണമുണ്ടാക്കും. ലീഗ് MLA നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. ലീഗ് മന്ത്രി നിലവിളക്ക് മറ്റുള്ളവർക്ക് കൈമാറിയാൽ അത് മതസൗഹാർദ്ദം. കുറ്റക്കാരായ മുസ്ലിം പേരുള്ളവരെ പോലീസ് പിടിച്ചാൽ അത് പോലീസിൻ്റെ കാര്യക്ഷമത. ഭരണത്തിലാകുമ്പോൾ ലീഗിന് മതമല്ല മതമല്ല മതമല്ല പ്രശ്നം, ഭരണമാണ് ഭരണമാണ് ഭരണമാണ് പ്രശ്നം.

ലീഗ് പ്രതിപക്ഷത്താകുമ്പോൾ തനി വർഗ്ഗീയവും ഭരണത്തിൽ കയറുമ്പോൾ "കപട മതേതരവു"മാകുന്നത് ഇന്ന് സാധാരണ കാഴ്ചയാണ്. രണ്ട് "പച്ചകുപ്പായം" - മാറി മാറി അണിഞ്ഞ് നല്ലപിള്ള ചമയുന്നത് ഇനിയെങ്കിലും മുസ്ലിംലീഗ് അവസാനിപ്പിക്കണം. പടച്ചവനെ പേടിച്ചില്ലെങ്കിലും പടപ്പുകളെയെങ്കിലും പേടിക്കണ്ടെ?

പി.എം ശ്രീ LDF-ന് നിഷിദ്ധമെങ്കിൽ ടീം UDF-നും നിഷിദ്ധം തന്നെ. അത് 'ഹലാലാ' ക്കാൻ ലീഗിൻ്റെ "ഇച്ചാച്ചൻ" വിചാരിച്ചാലും നടക്കില്ല. എല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ സമുദായത്തെ കിട്ടില്ല. അത് നടക്കില്ല ലീഗേ, നടത്തിപ്പിക്കില്ല.

Content Highlights: Former Minister K. T. Jaleel has said that the Muslim League's expectations regarding the PM SHRI scheme will not materialize

dot image
To advertise here,contact us
dot image