കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കും; തള്ളാതെ ജി സുധാകരൻ

കിഫ്ബിയെ സമാന്തര സര്‍ക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്, അതിന് അനുമതി കൊടുക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു

കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കും; തള്ളാതെ ജി സുധാകരൻ
dot image

ആലപ്പുഴ: കിഫ്ബിയെ തളളാതെ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്‍. കിഫ്ബി നല്ല നിലയില്‍ കൊണ്ടുവരട്ടെ എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. താന്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ വന്‍കിട നിര്‍മ്മാണം 90 ശതമാനവും കിഫ്ബി വഴിയായിരുന്നു എന്ന് ജി സുധാകരന്‍ പറഞ്ഞു. കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കുമെന്നും കിഫ്ബിയെ സമാന്തര സര്‍ക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്, അതിന് അനുമതി കൊടുക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വിരമിച്ച ഐഎഎസുകാരനെ അവിടെ വെച്ചത് തെറ്റായ കാര്യമാണെന്നും അത് സര്‍ക്കാരിന്റെ കണ്‍ട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് കടക്കുകയാണ് സർക്കാർ. അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിര്‍മ്മാണവുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന് അറിയിക്കും. എന്നാൽ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സാമ്പത്തികം അടക്കമുളള എല്ലാ സഹായവും നേരത്തേത് പോലെ നല്‍കും. അനുമതി തേടി കിഫ്ബിയ്ക്ക് മുന്നിലുളള ഫയലുകള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട എന്നാണ് ഉദ്യോഗസ്ഥര്‍ക്കുളള നിര്‍ദേശം. 

കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കുമെന്നും പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ ഏജന്‍സിയാണ് കിഫ്ബി. സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.  കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാണെന്നും സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിയെ സങ്കീര്‍ണ്ണമാക്കുന്നതാണെന്നുമാണ് ധവളപത്രത്തിൽ പറഞ്ഞത്. കിഫ്ബി അടിമുടി പൊളിച്ചെഴുതണമെന്നും പദ്ധതിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: G. Sudhakaran states that KIIFB will be restructured to suit the modern times

dot image
To advertise here,contact us
dot image