മുഖ്യമന്ത്രിക്ക് ബക്കാര്‍ഡിയുടെ ഗന്ധം: മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ എ റഹീം

251 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നിലവില്‍ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് 120 മുതല്‍ 175 ശതമാനം വരെയുള്ള നികുതി ഘടനയിലേക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്

മുഖ്യമന്ത്രിക്ക് ബക്കാര്‍ഡിയുടെ ഗന്ധം: മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ എ റഹീം
dot image

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതിനെ വിമർശിച്ച് എ എ റഹീം എം പി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണെന്നും എ എ റഹീം കുറ്റപ്പെടുത്തുന്നുണ്ട്. നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എ എ റഹീം സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണ് ഇതെന്ന് റഹീം പോസ്റ്റില്‍ പറയുന്നു. 251 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നിലവില്‍ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് 120 മുതല്‍ 175 ശതമാനം വരെയുള്ള നികുതി ഘടനയിലേക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

സാധാരണ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നല്‍കാന്‍ മടിക്കുന്നവര്‍, മദ്യത്തിന് ഈ ആനുകൂല്യം നല്‍കുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിയര്‍ക്കുമെന്നും മുഖ്യമന്ത്രിക്ക് ബക്കാര്‍ഡിയുടെ ഗന്ധമാണെന്നും റഹീം പരിഹസിക്കുന്നുണ്ട്. ഈ വിഷയത്തില്‍ മുസ്ലീം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു. കൂടാതെ മദ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിച്ച എ കെ ആന്‍റണിയുടെ പ്രതികരണം അറിയാനാണ് തനിക്ക് കൗതുകമെന്നും പറഞ്ഞുകൊണ്ടാണ് റഹീം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് 'ലോ ആല്‍ക്കഹോളിക് ബവ്റിജസ്' എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. 0.5 മുതല്‍ 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120 ശതമാനം, 10-20 ശതമാനം വരെ വീര്യമുളളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യ വില്‍പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്‍കേണ്ടിയിരുന്നതിനാല്‍ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല. പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

"പെട്രോളിനും ഡീസലിനും ഇല്ലാത്ത
നികുതി ഇളവ് മദ്യത്തിന്
ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്.
251% എന്ന ഉയര്‍ന്ന നിരക്കില്‍ നിലവില്‍ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോള്‍ 120% മുതല്‍ 175% വരെയുള്ള നികുതി ഘടനയിലേക്ക്
വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നല്‍കാന്‍ മടിക്കുന്നവര്‍, മദ്യത്തിന് ഈ ആനുകൂല്യം നല്‍കുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാന്‍ വിയര്‍ക്കും.
മുഖ്യമന്ത്രിക്ക് 'ബക്കാര്‍ഡിയുടെ ഗന്ധം.'
ഈ വിഷയത്തില്‍ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
യു ഡി എഫിനായി തെരുവുകളില്‍ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ ഇപ്പോള്‍ എന്ത് പറയുന്നു?
എല്ലാത്തിലും വലിയ കൗതുകം
ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്."

Content Highlight:Following the Kerala government's decision to reduce taxes on low-alcohol beverages, A.A. Rahim took to Facebook to express his views, adding a political dimension to the ongoing debate

dot image
To advertise here,contact us
dot image