

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി പഠിക്കാന്‍ തയാറെടുത്ത് മന്ത്രിസഭാ ഉപസമിതി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഉപസമിതിയില്‍ തീരുമാനമെടുക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലാകും സമിതി.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു എന്നിവരാണ് സമിതി അംഗങ്ങൾ. ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതി തുടരണമോയെന്ന് തീരുമാനിക്കുക. പിഎം ശ്രീ പഠിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും മന്ത്രിസഭ ഉപസമിതിയെ വെച്ചിരുന്നു.
പിഎം ശ്രീയില്‍ അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും മന്ത്രിസഭയില്‍ പദ്ധതി ചര്‍ച്ചയ്ക്ക് വെച്ചാല്‍ മുഖ്യമന്ത്രി തന്നെ അത് വിവരിക്കുമെന്നും എന്‍ ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതാണ് പ്രശ്നമെന്നും ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ആ രീതിയില്‍ മുന്നോട്ടു പോകാമായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളത്തിന് കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പിഎം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേന്ദ്ര നിബന്ധനകളില്‍ പാഠ്യപദ്ധതി നിര്‍ബന്ധമാക്കില്ലെന്നും എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചാലും മതിയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവഴി പിഎം ശ്രീയില്‍ കേന്ദ്ര നിബന്ധനകള്‍ മറികടക്കാമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയിലെ സര്‍ക്കാര്‍ നിലപാട് പൊതുശ്രദ്ധനേടുന്നത്.
Content Highlights: The Kerala government has decided to constitute a Cabinet subcommittee to study the PM SHRI scheme