

തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കാൻ തീരുമാനിക്കുക വഴി കോൺഗ്രസ്-ലീഗ് സർക്കാർ മലക്കം മറിഞ്ഞിരിക്കുന്നുവെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാറ്റിലും വലുത് വാക്കാണെന്നാണ് മുഖ്യമന്ത്രി പറയാറ്. ആ വാക്കിന് ഇപ്പോൾ എന്തുപറ്റി. പി എം ശ്രീയെ പറ്റിയുള്ള കോൺഗ്രസ് വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഒഴിഞ്ഞുമാറാൻ വേറെ വഴിയില്ല എന്നാണ് സർക്കാർ പറയുന്നത്. നടപ്പിലാക്കണ്ട എന്ന ബോധ്യം ഉണ്ടെങ്കിൽ അതിൽ നിന്ന് ഒഴിയാൻ വഴിയും ഉണ്ടാകും. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും പി എം ശ്രീ ഇല്ലേ. അടുത്ത സംസ്ഥാനമായി കേരളം മാറുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ഏത് പദ്ധതിയെ ആണോ എതിർത്തത് അതെ പദ്ധതിയുടെ നടത്തിപ്പുകാരായി ലീഗുകാർ മാറിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇത് വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്നും പി എം ശ്രീയെ എതിർത്ത പാർട്ടിയാണ് സിപിഐ എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
പി എം ശ്രീ എന്നാൽ വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസ് അജണ്ടയാണ്. അതിൻ്റെ നട്ടെല്ലാണ് എൻഇപി. കുറ്റപ്പെടുത്തി. അത് നടപ്പാക്കാനുള്ള ഉപകരണമാണ് ഈ പദ്ധതി. സിപിഐ എതിർപ്പ് ഉന്നയിച്ചപ്പോൾ എൽഡിഎഫ് സർക്കാർ അത് അംഗീകരിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചതിനാൽ കേരളവും നിലവിൽ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. പിഎംശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ വിശദമായ ചർച്ച നടന്നുനെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനർ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. മന്ത്രിമാരായ റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ കാര്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടർനടപടികൾ എന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
Content Highlights: CPI leader Binoy Viswam criticises the Muslim League for allegedly taking charge of implementing the PM SHRI scheme after previously opposing it. Read the latest political developments and reactions.