

കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കടുത്ത എതിര്‍പ്പുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്. എല്ലാ പ്ലീഡര്‍ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ഐഎല്‍സി (ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്) ആവശ്യപ്പെടും. നിയമനം നേടിയ പ്ലീഡര്‍മാരെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തിയെന്നും ഇതില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കുമെന്നും ലോയേഴ്സ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോടും കെപിസിസിയോടും ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു.
സര്‍ക്കാരിന് വേണ്ടി കേസ് നടത്താന്‍ മിടുക്കരായ ആളുകള്‍ വേറെയുണ്ടെന്ന് വിമര്‍ശിച്ചാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഒരു പരിശോധനയും നടത്താതെയാണ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ചതെന്നും കുറ്റപ്പെടുത്തൽ. അനുഭവസമ്പത്തില്ലാത്തവരെ നിയമിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ഭാവിയില്‍ സര്‍ക്കാരിനുണ്ടാകാവുന്ന ബുദ്ധിമുട്ട് ഇപ്പോഴേ ഒഴിവാക്കണമെന്നും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്. വിഷയം ഉടനെ തന്നെ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഐഎല്‍സി പറഞ്ഞു.
ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഏകപക്ഷീയമായി നിയമനങ്ങൾ നടത്തിയെന്ന പരാതിയാണ് ഉയർന്ന് വന്നത്. ഹൈക്കോടതി അഭിഭാഷക നിയമനങ്ങൾ മന്ത്രിമാർ അറിയാതെയാണെന്നും വിമർശനം വന്നിരുന്നു. അഭിഭാഷക നിയമനം ചർച്ച ചെയ്തിട്ടില്ലെന്നും പരാതിയുണ്ടായിരുന്നു. ദേവസ്വം പ്ലീഡറുടെ നിയമനം ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. വിഷയത്തിൽ നേതാക്കൾ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.
Content Highlights: Lawyers Congress has strongly opposed the recent appointments of government pleaders in the High Court, alleging lack of transparency and raising concerns over the selection process.