

കോട്ടയം: പാലാ നഗരസഭയില്‍ പൊട്ടിത്തെറി. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. സ്വതന്ത്ര കൂട്ടായ്മയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കളളക്കേസ് നല്‍കിയെന്നും അവര്‍ ആരോപിക്കുന്നു. ഭരണത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കോ കൗണ്‍സിലര്‍മാര്‍ക്കോ യാതൊരു റോളുമില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നു. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ക്ക് അയച്ച വിയോജന കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര കൗണ്‍സിലറായ രാഹുലും ഒപ്പിച്ച കത്താണ് നേതൃത്വത്തിന് കൈമാറിയത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കൗണ്‍സിലറുടെ പരാതിയില്‍ സ്വതന്ത്ര കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടത്തിനെതിരെ പാലാ പൊലീസ് കേസെടുത്തിരുന്നു. ബിനു പുളിക്കക്കണ്ടത്തിനും സഹോദരനുമെതിരെ കയ്യേറ്റം ചെയ്യല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആറിട്ടത്. അതിന് പിന്നാലെ കൗണ്‍സിലര്‍ക്കെതിരെ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടവും പരാതി നല്‍കി. തന്റെ ചേമ്പറിലെ വിലപ്പെട്ട വാച്ചും പ്രധാന ഫയലും നഷ്ടമായി എന്നാണ് ദിയയുടെ പരാതി.
ബിനുവിനെതിരെ പരാതി നല്‍കിയ യുഡിഎഫ് കൗണ്‍സിലര്‍ ബിജു തോമസ് ചേമ്പറില്‍ വന്നുപോയതിന് ശേഷമാണ് സാധനങ്ങള്‍ കാണാതായത് എന്നാണ് ദിയ പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയര്‍പേഴ്‌സണ്‍ ദിയ ഇല്ലാത്ത സമയത്ത് ചേമ്പറിലെത്തി മഹസര്‍ തയ്യാറാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിയ പരാതി നല്‍കിയത്.
Content Highlights: Congress councilors write to district UDF convener, stating that they cannot cooperate with binu pulikkakkandam and independent councillors