

മലപ്പുറം: കരുളായി വനത്തിനുള്ളിൽ വനംവകുപ്പിന്റെ പ്ലാന്റേഷൻ ജോലിക്ക് പോകുന്നതിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. മൂത്തേടം ബാലങ്കുളത്തെ വടക്കേത്തല സൈനബ(62)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ശങ്കരക്കോടിൽ പുതിയ പ്ലാന്റേഷൻ നിർമ്മാണം നടക്കുന്നുണ്ട്. ഇവിലെ തേക്കിൻ തൈകൾ വെക്കുന്നതും കുഴിയെടുക്കുന്നതും ഉൾപ്പെടെയുള്ള ജോലികളാണ് സൈനബ ഉൾപ്പെടെയുള്ള തൊഴിലാളികൾ ചെയ്തിരുന്നത്. ഇവിടേക്ക് രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു സൈനബ. ചീനിക്കുന്ന് ഭാഗത്ത് നിന്ന് കാട്ടിൽ പ്രവേശിച്ച് ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ കാട്ടാന ഇവരുടെ മുന്നിലേക്ക് ചാടുകയായിരുന്നു.
കൂടെയുള്ളവരെല്ലാം പേടിച്ച് ചിതറിയോടി. ഇവരെ കണ്ടതോടെ കാട്ടാനയും ഓടി. സൈനബ ഓടിയെത്തിയ ഭാഗത്തേക്ക് തന്നെയാണ് ആനയും ഓടിയെത്തിയത്. ഇവിടെ വെച്ച് ആന സൈനബയെ തട്ടുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറഞ്ഞു. ഉടനെ സഹതൊഴിലാളികളും വനപാലകരും ചേർന്ന് എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കും അവിടെ നിന്ന് കോഴിക്കേട്ടേക്കും മാറ്റി.
വാരിയെല്ലിനും ശ്വാസകോശത്തിനുമടക്കം ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിണ്ട്. എല്ലാ ദിവസവും കരാറുകാരുടെ വാഹനത്തിലാണ് തൊഴിലാളികൾ പണിസ്ഥലത്ത് എത്താറുള്ളത്. എന്നാൽ ബുധനാഴ്ച വാഹനത്തിന്റെ കുറവ് കാരണം കുറച്ച് തൊഴിലാളികളെ ആദ്യം കൊണ്ടുപോവുകയായിരുന്നു. ബാക്കിയുള്ളവർ നടന്ന് പോവുന്നതിനിടെയാണ് സംഭവമുണ്ടായത്.
Content Highlights: Elderly Woman Injured in Wild Elephant Attack Inside Karulai Forest