'കാരണഭൂതനായി വാഴ്ത്തിപ്പാടി, തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ'; പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി

അധികാര ലഹരി നുകരുന്ന തിരക്കില്‍ പാര്‍ട്ടിയുടെ മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ടുവരെയുള്ളവര്‍ ചെയ്ത പാപങ്ങളാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും വെള്ളാപ്പള്ളി നടേശന്‍

'കാരണഭൂതനായി വാഴ്ത്തിപ്പാടി, തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ'; പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി
dot image

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്എന്‍ഡിപി മുഖപത്രം 'യോഗനാദ'ത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വര്‍ഷം വാഴ്ത്തിപ്പാടിയവര്‍ തോറ്റപ്പോള്‍ ആക്ഷേപ ശരങ്ങള്‍ എറിയുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'സഖാക്കളോട്' എന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടര്‍ഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയന്‍. അധികാരത്തിന്റെ മധുരം നുകര്‍ന്ന് രസിച്ച് ഉല്ലസിച്ചവര്‍ ഭരണം നഷ്ടമായ ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവന്നപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളുടെ ചുമലിലേക്ക് കെട്ടിവെയ്ക്കുന്നതും വേട്ടയാടുന്നതും ശരിയല്ല. രണ്ടാമതും ഭരണം ലഭിച്ചപ്പോള്‍ നേതാക്കളും അണികളും സുഖലോലുപരായെന്നതാണ് വസ്തുത. ജനങ്ങളെയും ജനകീയ പ്രശ്‌നങ്ങളെയും മറന്ന് പലരും സാമ്പത്തിക നേട്ടത്തിനായി പാഞ്ഞു. അധികാര ലഹരി നുകരുന്ന തിരക്കില്‍ പാര്‍ട്ടിയുടെ മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ടുവരെയുള്ളവര്‍ ചെയ്ത പാപങ്ങളാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പാര്‍ട്ടി ഒന്നുമില്ലാതിരുന്ന കാലത്ത് പൊലീസിന്റെയും എതിരാളികളുടെയും ശാരീരികമായ ആക്രമണങ്ങളെ ഉള്‍പ്പെടെ മറികടന്ന ത്യാഗോജ്വലമായ സമരപാരമ്പര്യം പിണറായി വിജയനുണ്ട്. പാര്‍ട്ടിയുടെ പ്രതിസന്ധിഘട്ടത്തില്‍ ശക്തമായ നേതൃത്വം നല്‍കി വീണ്ടും അധികാരം നേടിയത് കര്‍ക്കശക്കാരനായ അദ്ദേഹത്തിന്റെ നേതൃഗുണത്തിലാണ്. പിണറായിയെപ്പോലുള്ള സമുന്നത നേതാക്കള്‍ നിലമൊരുക്കി, വിത്തെറിഞ്ഞ്, കളപറിച്ച്, വളമിട്ട കൃഷിയിടത്തിലെ വിളവ് കൊയ്യാനെത്തിയ പല പുത്തന്‍കൂറ്റ് കമ്മ്യൂണിസ്റ്റുകാര്‍ക്കും ലാഭേച്ഛ മാത്രമേയുള്ളൂ. ഇവരുടെ തമ്പ്രാന്‍ മനോഭാവമാണ് ഇടതുമുന്നണിയെ തെരഞ്ഞെടുപ്പില്‍ ഒന്നുമല്ലാതാക്കിയത്. ജനപ്രിയരല്ലാത്ത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശാന്തമായോ സൗമ്യമായോ പെരുമാറുന്ന നേതാക്കള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി. ന്യായമായ ഏതൊരാവശ്യത്തിനും ആര്‍ക്കും ഏത് സമയത്തും കയറിച്ചെല്ലാവുന്ന പാര്‍ട്ടി ഓഫീസുകള്‍ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികള്‍ അണിഞ്ഞ് മുന്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാമൂഹ്യ ബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാര കച്ചവടക്കാരും കയ്യടക്കി. അധികാര ലഹരിയില്‍ പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും സാധാരണക്കാരില്‍ നിന്ന് അകന്നുപോയി. വിദ്യാര്‍ത്ഥി നേതാക്കള്‍ മുതല്‍ ബ്രാഞ്ച് ലോക്കല്‍, ഏരിയ സെക്രട്ടറിമാര്‍ക്ക് വരെ പൊതുവേ അഹങ്കാരത്തിന്റെ ഭാഷയും പെരുമാറ്റവുമാണ്. സാമ്പത്തിക നേട്ടങ്ങളും അധികാര കൊതിയുമായി നടന്ന ഇവരാരും സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ടില്ല. ഇവരുടെ പ്രവൃത്തി ദോഷങ്ങളെല്ലാം ഏല്‍ക്കേണ്ടിവരുന്നതും കുറ്റങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതും പിണറായിയാണ്. ഇവരൊക്കെ തന്നെയാണ് പിണറായിയെ വിമര്‍ശിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് കാണുമ്പോള്‍ കഷ്ടമെന്നേ പറയാനൂള്ളൂ. സിപിഐഎം ആത്മ പരിശോധനയും സ്വയം വിമര്‍ശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ സൃഷ്ടിച്ച പ്രശ്‌നങ്ങളും മുന്നണിയുടെ രണ്ടാം ഭരണകാലത്ത് സര്‍ക്കാരിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെയും മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രതിസന്ധികള്‍ ഇവര്‍ സൃഷ്ടിച്ചു. സിപിഐ ഭരിച്ച വകുപ്പുകള്‍ പലപ്പോഴും പരാജയമായി. സിവില്‍ സപ്ലൈസ്, റവന്യൂ വകുപ്പുകളില്‍ നവ കമ്മ്യൂണിസ്റ്റുകാരുടെ അഴിമതി വാഴ്ചയായിരുന്നു. ഇവരും ഇപ്പോള്‍ പിണറായിയെ വിമര്‍ശിക്കുന്ന തിരക്കിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Content Highlights- Vellappally Natesan defended Kerala Chief Minister Pinarayi Vijayan, stating that the criticism against him is unjust

dot image
To advertise here,contact us
dot image