

കൊച്ചി: കെട്ടിട വാടക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബെവ്‌കോ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടം പൂട്ടി ഉടമ. എറണാകുളം വാഴക്കുളത്താണ് സംഭവം. ദിവസങ്ങളായി കടമുറിയുടെ വാടക വര്‍ധിപ്പിക്കണമെന്ന ആവശ്യം കടയുടമ അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളില്‍ അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടായില്ല. ഇതോടെയാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലേക്ക് കെട്ടിട ഉടമ എത്തിയത്.
രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് കെട്ടിട ഉടമയുടെ പ്രതിഷേധം മൂലം പ്രവര്‍ത്തനം തടസപ്പെട്ടത്. ഇതോടെ മദ്യം വാങ്ങാനെത്തിയ ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി. പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ല.
ഇതോടെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ മദ്യം വാങ്ങാനെത്തിയവര്‍ പൂട്ട് തകര്‍ത്ത് അകത്തുകയറി. ഉദ്യോഗസ്ഥര്‍ മദ്യവില്‍പ്പന ആരംഭിക്കുകയും ചെയ്തു. ഓഗസ്റ്റ് വരെ വാടക കരാര്‍ കാലാവധി ഉണ്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ മറ്റൊരിടത്തേക്ക് മാറാന്‍ കഴിയാതെ വരികയായിരുന്നുവെന്നും ബെവ്‌കോ ഔട്ട്‌ലെറ്റ് അധികൃതര്‍ അറിയിച്ചു.
Content Highlights: Dispute over rent: Building owner closes Bevco outlet in Vazhakulam, locals breaks in