

കൊച്ചി: വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതില്‍ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എംഎല്‍എയുടെ പ്രതികരണം.
'ആര്‍ത്തവ അവധിയെക്കുറിച്ച് പറഞ്ഞതില്‍ എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. ആര്‍ത്തവം ദൈവികമായി സ്ത്രീകള്‍ക്ക് ലഭിച്ച കാര്യമാണ്. അത് മാറ്റിനിര്‍ത്തേണ്ട കാര്യമൊന്നുമല്ല. ഇത് ആരെങ്കിലും അറിഞ്ഞെങ്കില്‍ എന്നതല്ല. കൗമാരക്കാര്‍ പഠിക്കുന്ന സമയത്ത് വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കുട്ടികള്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് നാം ചെയ്യേണ്ടത്. അടുത്ത ദിവസം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ആര്‍ത്തവ അവധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കാന്‍ പദ്ധതിയുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നാണ് പറഞ്ഞിട്ടുളളത്. അതുകൊണ്ടുതന്നെ ചര്‍ച്ച ചെയ്യുമ്പോള്‍ നല്ല വശങ്ങളും ചീത്ത വശങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയുളളു.' ഉമാ തോമസ് പറഞ്ഞു.
വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ് രംഗത്തെത്തിയിരുന്നു. ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ് നൂർബിന പറഞ്ഞത്. സ്‌കൂളുകളിലും കോളേജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ എന്നാണ് നൂർബിന റഷീദ് പറഞ്ഞത്
Content Highlights: Menstruation is a divine gift to women, not something to be set aside: Uma Thomas