

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ടി വീണയ്ക്ക് സമന്‍സ് അയയ്ക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇ ഡിയുടെ നിര്‍ണായക അവലോകന യോഗം ഇന്ന് ചേരും. സിഎംആൽഎൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ശരണ്‍ എസ് കര്‍ത്തയെയും ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ അന്വേഷണസംഘം വിശദമായി പരിശോധിക്കും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ചതിലും സിപിഐഎം പ്രവര്‍ത്തകരുടെ വ്യാപക അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിടികൂടിയ 19 പേരില്‍ ഒരാള്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചു. ഇനിയും രണ്ടുപേര്‍ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിയിലാകാനുളളത് മുഖ്യപ്രതികളാണ്. ഐപി ബിനു അടക്കമുളളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷയും നല്‍കുമെന്നാണ് വിവരം.
സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേഗത്തിലാക്കുകയാണ്. മൊബൈല്‍ ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ആസ്തികളിലും ബാങ്ക് രേഖകളിലും വിശദമായ പരിശോധന നടക്കും. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം ടി വീണയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ഇ ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നും ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Content Highlights:CMRL-Exalogic case; Decision on summons to T Veena to be taken today