സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; ആസ്തികളിലും ബാങ്ക് രേഖകളിലും വിശദമായ പരിശോധന

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; ആസ്തികളിലും ബാങ്ക് രേഖകളിലും വിശദമായ പരിശോധന
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ അന്വേഷണം വേഗത്തിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊബൈല്‍ ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ആസ്തികളിലും ബാങ്ക് രേഖകളിലും വിശദമായ പരിശോധന നടക്കും. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം ടി വീണയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ഇ ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നും ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി സംഘത്തിനെതിരെ ആക്രമണം നടത്തിയ കേസിൽ 19 പ്രതികൾ പിടിയിലായിരുന്നു. ഇന്നലെ മാത്രം വിവിധ ഇടങ്ങളിൽ നിന്നായി 14 പേരെയാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ എല്ലാ പ്രതികളെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. മനോജ്, ജീവൻ, ഷൈൻ, ശ്രീജിത്ത്, ഷാഹിൻ, നിധിൻ രാജ്, അമൽ, അനിൽകുമാർ, കിരൺ, രേവന്ത് , ദിനിത്ത് വി നായർ, ലെനിൻ രാജ്, ഐ പി ബിനു, രാഹുൽ, വൈശാഖ്, രാഹുൽ ആർ രാജൻ, ഹരീഷ് കുമാർ , നന്ദു, ഷഫീഖ് എന്നിവരാണ് പൊലീസ് പിടിയിലായത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെ 14 ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്.

അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയിലും സംഘര്‍ഷത്തിലും പ്രതികരിക്കാത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട് വിവാദമാവുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പ്രതികരിക്കാന്‍ വി ഡി സതീശന്‍ തയ്യാറായിട്ടില്ല. 12 തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് കടന്നുപോയത്. ഇ ഡി പരിശോധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി ചോദിച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

Content Highlights: CMRL-Exalogic case; Detailed examination of assets and bank records

dot image
To advertise here,contact us
dot image