

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇ ഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്‍. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ഗൗരവമുളളതാണെന്ന് വി മുരളീധരന്‍ പറഞ്ഞു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഇതുപോലുളള കേസുകള്‍ ആരെയും പരിഭ്രാന്തരാക്കില്ലെന്നും മടിയില്‍ കനമുളളവന് മാത്രമേ വഴിയില്‍ ഭയക്കേണ്ടതുളളു എന്നുമാണ്. പിണറായി വിജയന് പരിഭ്രാന്തി ഇല്ലെങ്കില്‍ ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കിവിട്ട് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത് എന്തിനാണ്? മടിയില്‍ കനമുളളതുകൊണ്ടാണോ എന്ന് വി മുരളീധരന്‍ ചോദിച്ചു.
'ഇന്നലെ അക്രമം അഴിച്ചുവിട്ട ആർക്കെങ്കിലും അറിയാമോ സിഎംആര്‍എല്‍ വീണാ വിജയന് പണം നല്‍കിയത് എന്ത് സേവനം നല്‍കിയതിനാണെന്ന്? കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്കാര്യം വിശദീകരിച്ചിട്ടില്ല. നിയമസഭയിലോ പുറത്തോ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ വിശദീകരിച്ചിട്ടില്ല. ഇഡിയുടെയും എസ്എഫ്ഐഒയുടെയും ഉദ്യോഗസ്ഥരോടും വിശദീകരിച്ചിട്ടില്ല. 130 കോടി വ്യാജ പണമിടപാട് നടത്തിയെന്നാണ് ഇ ഡി കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് അന്വേഷണം തടസപ്പെടുത്താമെന്ന കേരളത്തിലെ സിപിഐഎമ്മിന്റെ പതിവ് സമീപനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് എടുത്താൽ കളി വേറെയായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല': വി മുരളീധരന്‍ പറഞ്ഞു.
ഇ ഡി പരിശോധനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ആണെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ഈ കേസ് വന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നതിന് ശേഷമാണോ? പിന്നെന്ത് ഡീലാണ് എന്നാണ് മുരളീധരന്‍ ചോദിച്ചത്. 'സിപിഐഎമ്മുകാര് പല തമാശകളും പറയാറുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളുടെ മുന്നില്‍ കോമാളി വേഷംകെട്ടുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത് മാധ്യമങ്ങളാണ്. അവരുടെ പാര്‍ട്ടി യോഗങ്ങളില്‍ അവര്‍ തന്നെ പറഞ്ഞതാണ്. എന്തുകൊണ്ട് റെയ്ഡ് ഇത്ര വൈകിയെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കറിയാം. മടിയില്‍ കനമില്ലാത്ത ആള്‍ക്കാര്‍ക്ക് നിയമത്തിന്റെ വഴിയിലൂടെ നേരിട്ടൂടെ, എന്തിനാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്? ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത്? അതിനര്‍ത്ഥം മടിയില്‍ കനമുണ്ട്. പുറത്ത് കണ്ടുകഴിഞ്ഞാല്‍ പ്രശ്‌നമുളള രേഖകള്‍ കൈവശമുണ്ട്. അതുകൊണ്ടായിരിക്കുമല്ലോ', വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാറിനെ തെരഞ്ഞെടുത്തതിലും വി മുരളീധരന്‍ പ്രതികരിച്ചു. ധാരാളം മുതിര്‍ന്ന നേതാക്കന്മാര്‍ ഉണ്ടായിരുന്ന കാലത്താണ് ഞാന്‍ മന്ത്രിയായത്. എന്നേക്കാള്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ഉളളപ്പോള്‍ തന്നെ പാര്‍ട്ടി എന്നെ എംപിയാക്കാനും മന്ത്രിയാക്കാനും തീരുമാനിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഞങ്ങള്‍ മൂന്ന് പേരില്‍ ആര് നേതാവായാലും ഞങ്ങളൊരുമിച്ച് ഇന്‍ഡ്യാ സഖ്യത്തിനെതിരായ നിയമസഭയില്‍ പോരാടും. ഗോപകുമാര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം പറഞ്ഞത് 137 വേഴ്‌സസ് 3 എന്നാണ്' മുരളീധരന്‍ പറഞ്ഞു. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഞങ്ങള്‍ അക്കാര്യം സീരിയസ് ആയിട്ട് ചര്‍ച്ച ചെയ്തിട്ടുപോലുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: V Muraleedharan against cpim workers attack ed officers during raid in pinarayi vijayan house