

2026 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അന്ത്യത്തിലേക്ക് കടക്കുമ്പോൾ ആവേശമായി വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ. ഇന്നലെ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് - രാജസ്ഥാൻ റോയൽസ് അത്തരമൊരു പോരാട്ടം തന്നെയായിരുന്നു. ടീമുകൾ തമ്മിലുള്ള കടുത്ത പോരാട്ടങ്ങൾ പോലെ തന്നെ താരങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും ഇപ്പോൾ കടക്കുകയാണ്. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ ഇപ്പോൾ പട്ടികയുടെ തലപ്പത്ത് എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ 'ബേബി ബോസ്' വൈഭവ് സൂര്യവംശി. ഇന്നലെ ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം ഓറഞ്ച് ക്യാപ് തിരിച്ച് പിടിച്ചത്.
വൈഭവ് തന്റെ പേരിൽ അനവധി റെക്കോർഡുകൾ കുറിച്ച ഒരു മത്സരമായിരുന്നു ഇന്നലെ അരങ്ങേറിയത്. ഒപ്പം 15 മത്സരങ്ങളില്‍ 680 റൺസോടെ റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 29 പന്തില്‍ 97 റണ്‍സടിച്ചായിരുന്നു താരം സായ് സുദര്‍ശനില്‍ നിന്ന് ക്യാപ് തട്ടിയെടുത്തത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സായിക്ക് 652 റൺസാണ് ഉള്ളത്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തില്‍ ഒരൊറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പായിക്കുന്ന താരമെന്ന റെക്കോർഡും വൈഭവ് തന്റെ പേരിൽ കുറിച്ചു. ഈ സീസണിൽ 65 സിക്സറുകൾ നേടിക്കൊണ്ട് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് താരം മറികടന്നത്. ഐപിഎല്‍ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന അണ്‍ ക്യാപ്ഡ് താരമെന്ന നേട്ടവും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 ലേറെ റണ്‍സടിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് ഇതിനൊപ്പം സ്വന്തമാക്കിയിരുന്നു.
റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ള വൈഭവ് ഇതുവരെ പതിനഞ്ച് മത്സരങ്ങളിൽ നിന്നായി 55 ബൗണ്ടറികളും 65 സിക്സറുകളുമാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഒരു സെഞ്ചുറി നേട്ടവും നാല് അർധസെഞ്ചുറി നേട്ടവും താരം ഈ സീസണിൽ സ്വന്തമാക്കി. 103 റൺസാണ് താരത്തിന്റെ ഈ സീസണിലെ ടോപ് സ്കോർ. ഈ സീസണിൽ ഇതുവരെ 680 റൺസാണ് നേടിയതും. നാളെ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ ക്വാളിഫയർ പോരാട്ടം. ജയിച്ചാൽ ആർആറിന് ഫൈനലിലേക്ക് ടിക്കറ്റ് എടുക്കാം. മെയ് 31-ന് നടക്കുന്ന കലാശപ്പോരിൽ ആരായിരിക്കും തങ്ങളുടെ എതിരാളികൾ എന്ന കാത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും.
Content highlight: IPL Orange Cap Vaibhav Sooryavanshi scores 680 runs