വിലക്കയറ്റത്തിന് തയ്യാറെടുത്തോളൂ, അടുക്കള വരെ 'പൊള്ളും'; കമ്പനികൾ നിലവിൽ കരുണ കാണിക്കുകയാണെന്ന്‌ ക്രിസിൽ

സാധാരണക്കാർ വാങ്ങിക്കുന്ന സാധനങ്ങൾക്കെല്ലാം വില ഉടൻ കൂടുമെന്നും ക്രിസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്

വിലക്കയറ്റത്തിന് തയ്യാറെടുത്തോളൂ, അടുക്കള വരെ 'പൊള്ളും'; കമ്പനികൾ നിലവിൽ കരുണ കാണിക്കുകയാണെന്ന്‌ ക്രിസിൽ
dot image

പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ വിലക്കയറ്റ ഭീഷണി ഉടൻ പ്രകടമായിത്തുടങ്ങുമെന്ന് പഠനം. റിസ്ക് ആൻഡ് പോളിസി അഡ്വൈസറായ ക്രിസിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ക്രൂഡ് ഓയിലിനുമപ്പുറം വിലക്കയറ്റം ഉണ്ടാകാൻ പോകുകയാണ് എന്നും സാധാരണക്കാർ വാങ്ങിക്കുന്ന സാധനങ്ങൾക്കെല്ലാം വില ഉടൻ കൂടുമെന്നും ക്രിസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പല സാധനങ്ങളുടെയും നിർമ്മാണച്ചെലവുകൾ ഇതിനകം തന്നെ കൂടിക്കഴിഞ്ഞു എന്നും ക്രിസിൽ പറയുന്നു. അസംസ്കൃത എണ്ണ, പാചകവാതകം, ചെമ്പ്, അലുമിനിയം, പ്ലാസ്റ്റിക്, രാസവസ്തുക്കൾ തുടങ്ങിയവയുടെയെല്ലാം വില കൂടി. എന്നാൽ ഇത് ഉപയോക്താക്കളിലേക്ക് അത്രകണ്ട് എത്തിയിട്ടില്ല എന്നും റിപ്പോർട്ട് പറയുന്നു.

2026 ഏപ്രിലിൽ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള ഇൻപുട്ട്-ഔട്ട്പുട്ട് അനുപാതം 44 മാസത്തിനിടെ ആദ്യമായി 1.0 മാർക്കിന് മുകളിലെത്തിയതായും ക്രിസിൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതായത്, ഒരു ഉത്പന്നം നിർമിക്കാൻ ചെലവഴിക്കുന്ന തുക അത്രകണ്ട് നിർമാതാക്കൾ ഉപയോക്താക്കളിലേക് അടിച്ചേൽപ്പിക്കുന്നില്ല എന്നർത്ഥം.

പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണം എന്നും ക്രിസിൽ പറയുന്നുണ്ട്. കേവലം എണ്ണ വിപണിക്കപ്പുറം മറ്റ് മേഖലകളിലേക്കും ഇവ പടർന്നുതുടങ്ങിയതായും ക്രിസിൽ പറഞ്ഞു.

Also Read:

ലോഹങ്ങൾ, വാതകവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽസ്, കൺസ്യൂമർ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, നിർമ്മാണം, പാക്കേജിങ്‌, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഏപ്രിലിൽ കുത്തനെ ഉയർന്നു. ചെമ്പ് വില 17.3 ശതമാനവും അലുമിനിയം വില 20.6 ശതമാനവും അസംസ്കൃത എണ്ണയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾക്ക് 49.3 ശതമാനവും വാതകവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾക്ക് 19.1 ശതമാനവുമാണ് വില ഉയർന്നത്.

ഇതിൽ ചെമ്പ്, അലുമിനിയം എന്നിവയുടെ വിലവർധന പ്രധാനമാണെന്നും ക്രിസിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, ഇലക്ട്രോണിക്സ്, ഉപഭോക്തൃ ഉപകരണങ്ങൾ, പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണിത്. കമ്പനികൾ വില കൂട്ടാൻ തുടങ്ങിയാൽ, വീട്ട് ബജറ്റുകൾ താളംതെറ്റുമെന്നും ക്രിസിൽ പറയുന്നു. കമ്പനികൾ ആ കടുംകൈക്ക് ഇനിയും മുതിർന്നിട്ടില്ല എന്നും ക്രിസിൽ വ്യക്തമാക്കി.

Content Highlights: A recent study by risk and policy advisory firm Crisil has warned that the ongoing conflict in West Asia may soon trigger a major inflation surge in India. The report states that the impact will not be limited to crude oil prices alone, but could spread to essential consumer goods and daily-use products.

dot image
To advertise here,contact us
dot image