

തിരുവനന്തപുരം: വെമ്പായം ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ പ്രതികരിച്ച് സ്ഥലം എംഎല്‍എ ജി ആര്‍ അനില്‍. അപകടം നടക്കുമ്പോള്‍ ആംബുലന്‍സ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ആധുനിക കാലത്ത് ഉപയോഗിക്കുന്ന ഒരു വാഹനവും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അനിൽ പറഞ്ഞു. മതിയായ സുരക്ഷാ ഉപകരണങ്ങളോ സുരക്ഷാ ജീവനക്കാരോ പാര്‍ക്കില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജി ആര്‍ അനിലിന്റെ പ്രതികരണം.
മുന്‍പ് ഇത്തരത്തില്‍ ഒരു സംഭവം നടന്നപ്പോള്‍ മാനേജരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണില്‍ ബന്ധപ്പെട്ടു എന്നല്ലാതെ മാനേജ്‌മെന്റ് തലപ്പത്ത് ആരാണ് എന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ലെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി മാനേജ്മെൻ്റ് ആരാണ് എന്നതിനെക്കുറിച്ച് അറിയില്ല. തൻ്റെ ഓഫീസിനും ഇതേപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാറില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ്. ഇങ്ങനെ ഒരു സംഭവം ഗൗരവമേറിയതാണ്. വീഴ്ച സംഭവച്ചിട്ടുണ്ടെങ്കില്‍ അവര്‍ നടപടിക്ക് വിധേയമാകണം. ആരെയും സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് മാത്രമേ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാവൂ എന്ന് ഈ സംഭവം ബോധ്യപ്പെടുത്തുകയാണെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. റൈഡിന്റെ വെല്‍ഡിങ് പൊട്ടി വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം പതിനഞ്ചോളം പേര്‍ റൈഡില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ അടക്കം അഞ്ചോളം പേര്‍ക്ക് സാരമായ പരിക്കേറ്റു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയോല്‍ (14), റോസ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ശേഷവും പാര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights- Following the accident at Happiland amusement park in Kerala, G R Anil stated that there were no adequate safety equipment or ambulance facilities at the site