

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇ ഡി പരിശോധനയില്‍ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണെന്നും ഇതുപോലുളള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. സിപിഐഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും അതിനെ പിണറായി വിജയനും പാർട്ടിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം
'ഇപ്പോള്‍ നടക്കുന്ന റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണ്. കോണ്‍ഗ്രസും ബിജെപിയും കൂടി നടക്കുന്ന ഒത്തുകളിയാണ്. ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നു. അതിന് മുന്‍പ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കേരളത്തില്‍ വന്ന് എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നു. ഒത്തുകളിയുടെ ഭാഗമായുളള ഉദ്ദിഷ്ട കാര്യത്തിനുളള ഉപകാരസ്മരണയാണ് ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നത്. അരവിന്ദ് കെജ്‌രിവാളെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജലിയിലടയ്ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത്', ജോൺ ബ്രിട്ടാസ് പറഞ്ഞു.
പിണറായി വിജയന്‍ യഥാര്‍ത്ഥത്തില്‍ തീയില്‍ കുരുത്ത് അഗ്നിപാതയിലൂടെ മുന്നേറിയ നേതാവാണ്. ഇതുപോലുളള ഒരുപാട് വേട്ടയാടലുകള്‍ കോണ്‍ഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹത്തെ മര്‍ദ്ദിച്ച് ഇഞ്ചപ്പരുവത്തിലാക്കി. അവിടെ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റതാണ്. കേരളത്തിലെ സിപിഐഎമ്മിനെ നയിച്ചതിന് അദ്ദേഹത്തെ വേട്ടയാടി. അദ്ദേഹത്തിനെതിരെ പ്രചരിപ്പിക്കാത്ത കഥകളില്ല. എല്ലാ കോടതികളും ചവട്ടുകൊട്ടയിലെറിഞ്ഞ ലാവ്‌ലിന്‍ കേസിന്റെ ദൃഷ്ടാന്തം കൂടി ഓര്‍ക്കണം. ഇപ്പോള്‍ നടക്കുന്ന വേട്ടയാടലുകള്‍ സിപിഐഎമ്മിനെ തളര്‍ത്താനാണെങ്കില്‍ അത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വ്യാമോഹമാണ്. എല്ലാ ഇച്ഛാശക്തിയോടെയും പിണറായി വിജയനും പാര്‍ട്ടിയും അതിനെ പ്രതിരോധിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തെ തകര്‍ക്കുന്നതിനായുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് റെയ്ഡെന്ന് ജില്ലാ സെക്രട്ടറി കെ കെ രാകേഷ് പറഞ്ഞു. കുറേക്കാലമായി പിണറായിയുടെ കുടുംബത്തെ വെച്ച് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ്. തിരക്കഥ തയ്യാറാക്കി പിണറായിയെ തകര്‍ക്കാനാകുമോയെന്നാണ് ഇ ഡി നോക്കുന്നത്. പിണറായിയുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് ശ്രമം. വിനായക് ദാമോദര്‍ദാസ് സവര്‍ക്കര്‍, വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍. പേരിലുള്ള സാമ്യം മാത്രമല്ല. വി ഡി സതീശന്‍ ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ഒത്താശ ചെയ്യുന്ന നേതാവ് ആണെന്നും കെ കെ രാകേഷ് പറഞ്ഞു.
CMRL-എക്സാലോജിക് കേസിലെ ED റെയ്ഡ് ബിജെപി കോണ്‍ഗ്രസ് ഡീലിന്റെ ഭാഗമാണെന്ന് എ എ റഹീം എംപിയും പ്രതികരിച്ചു.
ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്ന നീക്കത്തിന്റെ ഭാഗം. ചെങ്കൊടി പ്രസ്ഥാനത്തെ തകര്‍ത്തുകളയാം എന്ന് വിചാരിക്കരുത്. ഇതുകൊണ്ട് തളരുകയോ പതറുകയോ ഇല്ല. ജനം സഖാവ് പിണറായിക്ക് കാവല്‍ നില്‍ക്കും. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘപരിവാറിന്റെ കുടില നീക്കത്തെ തകര്‍ക്കും. ചോര കുടിക്കാന്‍ ഇറങ്ങിയവര്‍ നിരാശരായി മടങ്ങേണ്ടി വരും. വി ഡി സതീശന്‍ ഡല്‍ഹിയില്‍ പോയതിന്റെ പിറ്റേ ദിവസമാണ് റെയ്ഡ്. സംഘപരിവാറുമായുള്ള എല്ലാ ബന്ധങ്ങളും കേരളത്തിന്‍റെ മുഖ്യമന്ത്രി കാണിക്കുകയാണ്. സഖാവ് പിണറായി എന്ന സത്യം സൂര്യ ശോഭയോടെ ജ്വലിക്കും. നടക്കുന്നത് ഏകപക്ഷീയമായ രാഷ്ട്രീയ വേട്ട. സംഘപരിവാർ വേട്ടയ്ക്ക് കോണ്‍ഗ്രസ് കുടപിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: 'Pinarayi Vijayan is a leader in the fire, ED raid is a political hunt'; John Brittas