മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട്; വ്യക്തിഹത്യക്കുള്ള ശ്രമം, അന്വേഷണത്തോട് സഹകരിക്കും: റോഷി അഗസ്റ്റിൻ

വളരെ സുതാര്യമായിട്ടുള്ള പദ്ധതിയാണിതെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു

മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട്; വ്യക്തിഹത്യക്കുള്ള ശ്രമം, അന്വേഷണത്തോട് സഹകരിക്കും: റോഷി അഗസ്റ്റിൻ
dot image

ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയിലെ വിജിലൻസ് അന്വേഷണം വ്യക്തിഹത്യക്കുള്ള ശ്രമമാണെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും മുൻ മന്ത്രി റോഷി അ​ഗസ്റ്റിൻ റിപ്പോർട്ടറിനോട്. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ സഹകരിക്കുമെന്നും തന്നെ മോശമാക്കാൻ നടത്തിയ നീക്കമാണിതെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

ഇറിഗേഷൻ ടൂറിസം പദ്ധതി സംസ്ഥാനത്ത് ആദ്യമായി രൂപപ്പെടുത്തിയതാണ്. പാരിസ്ഥിതിക സൗഹൃദപരമായിട്ടുള്ള ടൂറിസം പദ്ധതിയാണിത്. സർക്കാർ ഇതിൽ ഒരു രൂപ പോലും മുടക്കുന്നില്ല.

റവന്യൂ വരുമാനം കണ്ടെത്തികൊണ്ടുവരികയാണ്. 96.5 ശതമാനം ലാഭം സ്വകാര്യ കമ്പനിക്ക് നൽകുന്നത് സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യമാണ്. വരുമാനത്തിന്റെ വിഹിതമാണ് സ്വകാര്യ കമ്പനിക്ക് നൽകുന്നത്. ടെൻഡറിന് മൂന്ന് ഘട്ടങ്ങളിലായി പരസ്യം നൽകിയിരുന്നു.

നാടിൻ്റെ വികസനം മുന്നിൽ കണ്ടാണ് കമ്പനിക്ക് കരാർ നൽകിയതെന്നും വളരെ സുതാര്യമായിട്ടുള്ള പദ്ധതിയാണിതെന്നും റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി.

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ അന്വേഷണം നടത്തുന്നത്. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് മേധാവിയുടെ നിർദേശം.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മലങ്കര ജലാശയത്തിൽ നടത്തിയ ടൂറിസം പദ്ധതിയിൽ വലിയ അഴിമതി നടന്നെന്നാണ് ആരോപണം. ടെൻഡർ നൽകിയതിൽ വീഴ്ചയുണ്ടെന്നാണ് പരാതി.

പ്രൈവറ്റ് കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതിയുടെ ടെൻഡറെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മുട്ടം സ്വദേശിയും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബേബി ജോസഫാണ് പരാതി നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം ദിവസമാണ് മുൻ മന്ത്രിക്കെതിരെയുള്ള വിജലൻസ് അന്വേഷണം.

Content Highlight : Former minister Roshi Augustine told reporters that the vigilance probe into the Malankara tourism project is an attempt at character assassination and demanded an investigation into the complaint itself.

dot image
To advertise here,contact us
dot image