ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് തന്നെ; അബ്ദുള്‍ ഗഫൂര്‍ ചുമതല വഹിക്കും; ധാരണയായി

മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് വിവരം

ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് തന്നെ; അബ്ദുള്‍ ഗഫൂര്‍ ചുമതല വഹിക്കും; ധാരണയായി
dot image

തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നല്‍കാന്‍ ധാരണയായി. വി അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും. ചുമതലകളിലേക്ക് കടക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ലത്തീന്‍സഭയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസം ലീഗിന് കൊടുത്ത് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കാൻ ലത്തീന്‍ സഭ ഒഴികെയുള്ള ക്രൈസസ്തവസഭകള്‍ എതിരാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് വിവരം.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭകളില്‍ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരുമിച്ച് ഒരു മന്ത്രിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാരിലാണ് വകുപ്പുകള്‍ രണ്ടാക്കിയത്. ഇത്തവണ അതേ രീതി തുടരാനാണ് തീരുമാനം. പൊതു വിദ്യാഭ്യാസം ലീഗിന് നല്‍കുകയും ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കാനുമാണ് തീരുമാനം. എന്നാല്‍ ഉന്നത വിദ്യാഭ്യാസം വിട്ടുകൊടുക്കുമ്പോള്‍ ഫിഷറീസ് വകുപ്പ് വിട്ടുതരണമെന്ന് ലീഗ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് വിട്ടുനല്‍കരുതെന്നും ആ മേഖലയിലുള്ളവരെക്കുറിച്ച് അറിവും പരിചയവുമുള്ളവരെ നിര്‍ത്തണമെന്നുമായിരുന്നു ലത്തീന്‍ സഭയുടെ ആവശ്യം. ലത്തീന്‍സഭയെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍?ഗ്രസ് നടത്തുന്നുണ്ടെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സഭാനേതൃത്വം തയ്യാറായിട്ടില്ലെന്നാണ് വിവരം. മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും കഴിഞ്ഞ ദിവസം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തിയിരുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച് അതൃപ്തി പ്രകടമാക്കിയ ലത്തീന്‍ സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ സഭാ ആസ്ഥാനത്തെത്തിയത്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി. കടലിനെ അറിയുന്നയാള്‍ മന്ത്രിയാകണം എന്ന് മുഖ്യമന്ത്രി വി ഡി സതീശനോടും സഭ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Cabinet portfolio allocation Fisheries Department belongs to the Muslim League

dot image
To advertise here,contact us
dot image