

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. യുഡിഎഫ് മുന്നണിക്കുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്ന് എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കും എന്നതിനെ സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും മത്സരം നടക്കുകയാണെന്ന് എം എ ബേബി പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ പ്രതികരണത്തിലായിരുന്നു എം എ ബേബിയുടെ പരിഹാസം.
'ഇത് ഐക്യജനാധിപത്യ മുന്നണിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഐക്യമില്ല. ഡസന്‍ കണക്കിന് ആളുകളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ച് കേരളത്തിലേക്കും പോകുന്നത്. ഇത് വ്യത്യസ്തമായ എയര്‍ലൈനുകള്‍ക്ക് മാത്രമേ ലാഭമുണ്ടാക്കുകയുള്ളു. ജനങ്ങള്‍ക്ക് ഇത് കൊണ്ട് ഗുണമില്ല', എം എ ബേബി പരിഹസിച്ചു. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് എം എ ബേബി നേരത്തെ പറഞ്ഞു. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ഉണ്ടായത് വലിയ വിജയമാണ്. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധവികാരം ബിജെപിക്ക് അനുകൂലമായി. ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ബിജെപി ചെയ്തത് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളാണ്. എസ്ഐആറിലൂടെ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സുതാര്യതയും പൂര്‍ണമായി നശിച്ചുവെന്നും എംഎ ബേബി പറഞ്ഞു.
കേരളത്തിലെ കനത്ത പരാജയം വിലയിരുത്തി. കേരളത്തിലെ തോല്‍വി അപ്രതീക്ഷിതം. എല്‍ഡിഎഫ് സര്‍ക്കാര്‍ 10 വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും തിരിച്ചടിയുണ്ടായി. ബിജെപിക്ക് 3 സീറ്റ് ലഭിച്ചത് ഞെട്ടിപ്പിക്കുന്നത്. കാരണങ്ങള്‍ പരിശോധിക്കുമെന്നും എംഎ ബേബി പറഞ്ഞു.
കേരളത്തിന് പ്രതിപക്ഷ നേതാവുണ്ടാകും. ആരെന്ന് തീരുമാനിക്കുക കേരളത്തിലാണ്. പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചര്‍ച്ച പിബി യില്‍ നടന്നിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി എന്തിന് ഏറ്റെടുക്കണമെന്നും എംഎ ബേബി ചോദിച്ചു.
Content Highlights: M A Baby mocking Congress over CM discussion