'പിണറായിയെ പോലെ മാധ്യമങ്ങൾ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി ആരെന്ന് അറിയാൻ കാത്തിരിക്കാം'

എ എം ആരിഫിന് ലീഗിന്റെ മനസാണെന്നും വെള്ളാപ്പള്ളി നടേശന്‍

'പിണറായിയെ പോലെ മാധ്യമങ്ങൾ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി ആരെന്ന് അറിയാൻ കാത്തിരിക്കാം'
dot image

ആലപ്പുഴ: മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ കാത്തിരിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേവോളം കാത്തിരുന്നുവെന്നും ഇനി ആറോളം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അത് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

'ആരായാലും അവര്‍ പ്രഖ്യാപിക്കുന്നത് നമ്മള്‍ സ്വീകരിക്കണമല്ലോ. പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ല. പിണറായി വരുന്നതില്‍ ഒരു കുഴപ്പവും ഇല്ല. പിണറായി പത്ത് കൊല്ലം ഭരിച്ചു. മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങള്‍ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തില്‍ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ പിണറായി ചെയ്തു. പലതും അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇടതുപക്ഷം തരിപ്പണമായെന്നും അത് അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. നല്ല ഭരണം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ ആശംസിച്ചു. സിപിഐഎം നേതാവ് എ എം ആരിഫിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന ആളാണ് ആരിഫെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'തെരഞ്ഞെടുപ്പ് സമയത്ത് എപ്പോഴും എന്റെ സഹായം തേടി വന്ന ആളാണ്. എംപി ആയി ജയിച്ചപ്പോള്‍ തന്നെ തള്ളി പറഞ്ഞവന്‍ ആണ് ആരിഫ്. ആരിഫിന് ലീഗിന്റെ മനസാണ്. ചാടാതിരിക്കാന്‍ വേണ്ടിയാണ് ആരിഫിന് സിപിഐഎം സീറ്റ് കൊടുക്കുന്നത്', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐഎം സെക്രട്ടറിയേറ്റില്‍ തനിക്കെതിരെ ചര്‍ച്ച വന്നിട്ടില്ല. സിപിഐ യോഗത്തിലും തനിക്കെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ല. തോല്‍വിയുടെ കാരണം താനാണെന്ന് ആക്കി മാറ്റാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Content Highlights: Vellappally Natesan about kerala election result

dot image
To advertise here,contact us
dot image