'പട നയിക്കാൻ ഇവിടെ സായുധ വിപ്ലവമൊന്നും നടന്നിട്ടില്ല, പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണം';അലോഷ്യസ്

പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു

'പട നയിക്കാൻ ഇവിടെ സായുധ വിപ്ലവമൊന്നും നടന്നിട്ടില്ല, പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണം';അലോഷ്യസ്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വി ഡി സതീശനായി നടക്കുന്ന പ്രകടനങ്ങള്‍ക്കെതിരെ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു. പട നയിക്കാന്‍ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുളള പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോഴാണ് മരം വീണതെന്നാണ് അലോഷ്യസ് സേവ്യര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഈ പാർട്ടിയിൽ എല്ലാതവണയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആളുകൾ അല്ലല്ലോ ഉന്നത നേതൃത്വം. കൃത്യമായ നടപടിക്രമങ്ങളുമായ് പാർട്ടി മുന്നോട്ട് പോവുമ്പോൾ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിച്ച് ഈ പാർട്ടിയേയും അതിന്റെ നേതാക്കന്മാരെയും തെരുവ് വിചാരണയ്ക്ക് വിധേയമാക്കിയാൽ എത്ര ഉന്നത നേതാക്കന്മാർ ആയാലും പരസ്യമായി പേരെടുത്ത് വിമർശിക്കേണ്ടി വരും. പൊതു സമൂഹത്തിനു മുന്നിൽ ഈ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാൻ ആവില്ല. പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല...! താഴെ തട്ടിലുള്ള പ്രവർത്തകർ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോൾ മരം വീണു. ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്ന നിലപാട് തിരുത്തപ്പെടണം. കോൺഗ്രസ് നേതാക്കന്മാരുടെ യോഗ്യതയും അയോഗ്യതയും തെരുവ് വിസ്താരത്തിന് വിധേയമാകണമെന്ന ധാരണ നേതൃത്വത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ പ്രതിഭാസത്തിന് ശേഷം അതിനെല്ലാം മറുപടി പറയേണ്ടി വരും. മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാർട്ടി തീരുമാനിക്കും. പരിധി വിട്ടാൽ എല്ലാ പരിധിയും വിടും. ഓർമ്മ പുസ്തകത്തിന്റെ താളുകൾ തുറപ്പിക്കരുത്. Give respect and take respect' - അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് കൂറ്റൻ പ്രകടനമാണ് നടന്നത്. കെ എസ് യു, യൂത്ത് കോൺഗ്രസ്, ഡിസിസി ഭാരവാഹികൾ നേരിട്ട് നയിച്ച പ്രകടനമാണ് നടന്നത്. അതേസമയം തന്നെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഇടുക്കിയിലും കോഴിക്കോടും കോട്ടയത്തും മലപ്പുറത്തും വിവിധയിടങ്ങളിൽ വി ഡി സതീശനായി പ്രകടനങ്ങൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.

Content Highlights: KSU President aloshious xavier against people supporting vd satheesan on roads

dot image
To advertise here,contact us
dot image