'പിണറായിസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ'; പുസ്തകം പ്രഖ്യാപിച്ച് പി വി അന്‍വര്‍

ഉദ്വേഗജനകമായതും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമായ സംഭവ പരമ്പരകളെ പുസ്തകമായി അവതരിപ്പിക്കാനുളള ശ്രമം പുനഃരാരംഭിച്ചിട്ടുണ്ടെന്ന് അൻവർ പറഞ്ഞു

'പിണറായിസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ'; പുസ്തകം പ്രഖ്യാപിച്ച് പി വി അന്‍വര്‍
dot image

മലപ്പുറം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുസ്തകം പ്രഖ്യാപിച്ച് പി വി അന്‍വര്‍. 'പിണറായിസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ' എന്ന പേരിലാണ് പുസ്തകം. ഉദ്വേഗജനകമായതും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമായ സംഭവ പരമ്പരകളെ പുസ്തകമായി അവതരിപ്പിക്കാനുളള ശ്രമം പുനഃരാരംഭിച്ചിട്ടുണ്ടെന്നും അത് വൈകാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പി വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ പുസ്തകം പ്രഖ്യാപിച്ചത്.

'രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ അപചയം തുറന്നുകാണിച്ച് നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളിലെ സത്യം തിരിച്ചറിഞ്ഞ യഥാര്‍ത്ഥ സഖാക്കള്‍ അടക്കമുളള ജനങ്ങള്‍ ഒന്നിച്ച് യുഡിഎഫിന് വോട്ടുചെയ്തതിലൂടെ സംഭവിച്ച ചരിത്രപരമായ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനായതില്‍ എനിക്ക് അനല്‍പ്പമായ അഭിമാനമുണ്ട്. ഈ പോരാട്ടം ഞാന്‍ ആരംഭിച്ചിട്ട് ഒന്നര വര്‍ഷത്തിലേറേക്കാലം ഒരുനിമിഷം പോലും വിശ്രമിക്കാതെ സാധാരണക്കാരും തൊഴിലാളികളുമായ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു'-പി വി അന്‍വര്‍ പറഞ്ഞു.

ഈ കാലയളവില്‍ ഇടതുപക്ഷ എംഎല്‍എ എന്ന നിലയിലുളള രാജിയും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പും അതിനുശേഷം യുഡിഎഫ് അസോസിയേറ്റ് അംഗമായതും അടക്കം നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് അപ്പുറത്ത് ഈ ഘട്ടങ്ങളില്‍ എല്ലാം ചെറുതും വലുതുമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പിണറായിസത്തിനെതിരായ പുസ്തകം എഴുതാനുളള ശ്രമം ആരംഭിച്ചിരുന്നെന്നും തിരക്കുകള്‍ക്കിടയില്‍ മാറ്റിവെച്ച ശ്രമം വീണ്ടും പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: pinarayisathinte thudakkam muthal odukkam vare book by pv anvar

dot image
To advertise here,contact us
dot image