'ഓഫീസാണ് പിണറായി വിജയന് പറ്റിയ അബദ്ധം,അദ്ദേഹം അറിയാതെ ഒരു കൂട്ടര്‍ ആഭ്യന്തര മന്ത്രി ഭരണം നടത്തി': വെളളാപ്പള്ളി

ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രി വന്നാല്‍ വളരെയധികം സന്തോഷമുണ്ടാകുമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു

'ഓഫീസാണ് പിണറായി വിജയന് പറ്റിയ അബദ്ധം,അദ്ദേഹം അറിയാതെ ഒരു കൂട്ടര്‍ ആഭ്യന്തര മന്ത്രി ഭരണം നടത്തി': വെളളാപ്പള്ളി
dot image

കൊല്ലം: കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പ്രതികരണവുമായി വെളളാപ്പളളി നടേശന്‍. മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കാനുളള ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനാണെന്നും അത് അവര്‍ തന്നെ തീരുമാനിക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. പരിഗണനയിലുളള മൂന്നുപേരും ഒരുപോലെ യോഗ്യരാണെന്നും ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രി വന്നാല്‍ വളരെയധികം സന്തോഷമുണ്ടാകുമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. കേരളത്തില്‍ ഇനി എന്ത് നടക്കും എന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ എസ്എന്‍ഡിപിയ്ക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ലെന്നും ആര് വന്നാലും പോയാലും തനിക്കൊരു ചുക്കുമില്ലെന്നും വെളളാപ്പളളി പറഞ്ഞു.

'ആലപ്പുഴയില്‍ മിടുക്കരായ എത്ര പേരാണുളളത്. ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രി വന്നാല്‍ വളരെയധികം സന്തോഷം. ആലപ്പുഴയ്ക്ക് പരിഗണന നല്‍കിയാല്‍ നല്ലത്. കേരളത്തില്‍ ഇനി എന്ത് നടക്കും എന്ന് കണ്ടറിയണം. അവര്‍ ഒത്തുപറയുന്ന ഒരാളായിരിക്കണം ഇവിടെ മുഖ്യമന്ത്രി എന്നാണ് അവരുടെ നിലപാട്. മുസ്‌ലിം ലീഗ് ചാടിക്കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാല്‍ ചാടിക്കളിക്കാന്‍ സതീശന്‍ തയ്യാറാണ്. സതീശന്‍ എസ്എന്‍ഡിപിക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ല. ആര് വന്നാലും പോയാലും ഒരു ചുക്കുമില്ല. സതീശന്‍ ആയാല്‍ എന്റെ രോമത്തില്‍ തൊടുമോ? അവരുടെ കൊച്ച്, അവരുടെ കുളം, അതില്‍ ആര് വീണ് ചത്താലും എനിക്കൊരു കുഴപ്പവുമില്ല'- വെളളാപ്പളളി നടേശ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആരാകണമെന്ന് സിപിഐഎം തീരുമാനിക്കട്ടെ എന്നും വെളളാപ്പളളി പറഞ്ഞു. 'പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞത് എന്റെ ആഗ്രഹമാണ്. ചെത്തുകാരന്റെ മകന്‍ എന്ന് പറഞ്ഞത് അന്തസ്സോടെയാണ്. അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഭരണത്തിന്റെ മുഴുവന്‍ പരാജയവും അദ്ദേഹത്തിന്റെ തലയില്‍ വയ്ക്കാനാണ് നോക്കുന്നത്. പിണറായി വിജയന്‍ മിടുക്കനും കരുത്തനുമാണ്. ഓഫീസിലുളളവര്‍ അദ്ദേഹത്തെ കൂട്ടിലിട്ട തത്തയെപ്പോലെ ഇരുത്തി. ഓഫീസാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധം. അദ്ദേഹം അറിയാതെ ഒരു കൂട്ടര്‍ ആഭ്യന്തര മന്ത്രി ഭരണം നടത്തി. പിണറായി കുറ്റക്കാരന്‍ എന്ന് പറയുന്നത് നന്ദി ഇല്ലായ്മയാണ്. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്'-വെളളാപ്പളളി പറഞ്ഞു.

യു പ്രതിഭയുടെ തോല്‍വിയിലും അദ്ദേഹം പ്രതികരിച്ചു. പ്രതിഭയെ തോല്‍പ്പിച്ചത് താന്‍ ആണെങ്കില്‍ അതൊരു പൊന്‍തൂവലാണെന്നും പാവപ്പെട്ട ചിത്തരഞ്ജന്‍ പോലും തോറ്റുപോയില്ലേ എന്നും വെളളാപ്പളളി പറഞ്ഞു. പ്രതിഭയുടെ മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു. പ്രതിസ്ഥാനത്ത് നിന്ന് മകന്‍ എങ്ങനെയാണ് മാറിയത്? എല്ലാം ജനം കണ്ടുകൊണ്ടിരിക്കുകയാണ്. അവസരം കിട്ടിയപ്പോള്‍ ജനം വെച്ച് താങ്ങി. അവരവരുടെ പിടിപ്പുകേടും കഴിവുകേടും മറച്ചുവയ്ക്കാന്‍ അങ്ങനെ പലതും പറയും. നന്മയുണ്ടായാല്‍ അവിടെയും തിന്മയുണ്ടായാല്‍ വെളളാപ്പളളിയുടെ തലയിലും വയ്ക്കരുത്'- വെളളാപ്പളളി പറഞ്ഞു. മാത്യു കുഴല്‍നാടനോട് ലീഗ് എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. അഭിപ്രായം പറഞ്ഞതിന് ഫ്‌ളക്‌സില്‍ നിന്നും പെടലി വെട്ടിയെന്നും കുഴല്‍നാടന്‍ ചെറിയ ആളല്ലെന്നും വെളളാപ്പളളി പറഞ്ഞു. ലീഗ് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Let the Congress highcommand decide who should be the Chief Minister': Vellapally Natesan

dot image
To advertise here,contact us
dot image