ആദായ നികുതി അടയ്ക്കാന്‍ മാത്രമല്ല; പാന്‍ കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യങ്ങള്‍ ഇവ

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് മുതല്‍ വസ്തുവകകള്‍ വാങ്ങുന്നതിനും വലിയ തുകയുടെ പര്‍ച്ചേസുകള്‍ നടത്തുന്നതിനും പാന്‍ നമ്പര്‍ നല്‍കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്

ആദായ നികുതി അടയ്ക്കാന്‍ മാത്രമല്ല; പാന്‍ കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യങ്ങള്‍ ഇവ
dot image

പലരെയും സംബന്ധിച്ചിടത്തോളം പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു രേഖ മാത്രമാണ്. എന്നാല്‍ ഇന്ന് രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകളുടെയും സുപ്രധാന ഭാഗമായി പാന്‍ മാറിയിരിക്കുന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് മുതല്‍ വസ്തുവകകള്‍ വാങ്ങുന്നതിനും വലിയ തുകയുടെ പര്‍ച്ചേസുകള്‍ നടത്തുന്നതിനും പാന്‍ നമ്പര്‍ നല്‍കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്.

സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും നികുതി വെട്ടിപ്പ് കുറയ്ക്കാനുമായി സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആദായനികുതി ചട്ടം 114ബി പ്രകാരം, നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വ്യക്തികള്‍ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. പാന്‍ കാര്‍ഡ് ആവശ്യമായ പ്രധാന സാമ്പത്തിക ഇടപാടുകള്‍ എന്തെല്ലാമാണെന്നു നോക്കാം.

ബാങ്ക്, ഡിമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന്

ബാങ്ക് അക്കൗണ്ടുകളും ഡിമാറ്റ് അക്കൗണ്ടുകളും തുടങ്ങുന്നതിന് ഇപ്പോള്‍ പാന്‍ അത്യന്താപേക്ഷിതമാണ്. നിക്ഷേപങ്ങളും ബാങ്കിങ് ഇടപാടുകളും നിരീക്ഷിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ ഉപയോഗിക്കുന്നു. പാന്‍ ഇല്ലാതെ പലതരത്തിലുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നത് പ്രയാസകരമാകും.

വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും

ഭവനവായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ പാന്‍ വിവരങ്ങള്‍ നിര്‍ബന്ധമാണ്. അപേക്ഷകന്റെ സാമ്പത്തിക ചരിത്രം പരിശോധിക്കാനും തിരിച്ചടവ് ശേഷി വിലയിരുത്താനും ബാങ്കുകള്‍ പാന്‍ ഉപയോഗിക്കുന്നു.

ഉയര്‍ന്ന മൂല്യമുള്ള പണമിടപാടുകള്‍

ഒറ്റ ഇടപാടില്‍ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നല്‍കണം. ആഭരണങ്ങള്‍, ആഡംബര വസ്തുക്കള്‍, യാത്രാ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വലിയ തോതിലുള്ള പണമിടപാടുകള്‍ നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും പണമടയ്ക്കല്‍

ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ 50,000 രൂപയില്‍ കൂടുതല്‍ പണമായി നല്‍കുകയാണെങ്കില്‍ പാന്‍ വിവരങ്ങള്‍ ആവശ്യമാണ്. ഉയര്‍ന്ന ചെലവുകള്‍ നിരീക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.

ബാങ്ക് ഡ്രാഫ്റ്റുകള്‍ അല്ലെങ്കില്‍ പേ ഓര്‍ഡറുകള്‍ എടുക്കുമ്പോള്‍

50,000 രൂപയ്ക്ക് മുകളില്‍ പണം നല്‍കി ബാങ്ക് ഡ്രാഫ്റ്റുകള്‍, ബാങ്കേഴ്‌സ് ചെക്കുകള്‍, പേ ഓര്‍ഡറുകള്‍ എന്നിവ എടുക്കുന്നതിനും പാന്‍ ആവശ്യമാണ്. ഇടപാടുകളില്‍ സുതാര്യത നിലനിര്‍ത്താന്‍ ബാങ്കുകള്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

വസ്തു ഇടപാടുകളും വലിയ പര്‍ച്ചേസുകളും

വസ്തു ഇടപാടുകളില്‍ പാന്‍ വളരെ പ്രധാനമാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ വാങ്ങുമ്പോഴോ വില്‍ക്കുമ്പോഴോ പാന്‍ വിവരങ്ങള്‍ നല്‍കണം. സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കിലും ഇത് നിര്‍ബന്ധമാണ്. കൂടാതെ, 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോഴും പാന്‍ ആവശ്യമാണ്.

ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുടെ ഇടപാട്

1 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികള്‍ കൈമാറ്റം ചെയ്യുന്നവര്‍ പാന്‍ നമ്പര്‍ നല്‍കണം. ഓഹരി വിപണിക്ക് പുറത്തുള്ള വലിയ നിക്ഷേപങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് നികുതി വകുപ്പിനെ സഹായിക്കുന്നു.

പാന്‍ അപേക്ഷയില്‍ മാറ്റം

ആദായനികുതി വകുപ്പ് പാന്‍ അപേക്ഷാ നടപടികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍, പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ മാത്രം മതിയാകില്ല. അപേക്ഷകര്‍ ജനനത്തീയതി തെളിയിക്കുന്നതിനായി പ്രത്യേക രേഖകള്‍ കൂടി സമര്‍പ്പിക്കണം. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി കാര്‍ഡ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഇതിനായി ഉപയോഗിക്കാം.

പാന്‍ എന്തുകൊണ്ട് ഇത്ര പ്രധാനമാകുന്നു?

പാന്‍ എന്നത് ഇപ്പോള്‍ നികുതി രേഖ മാത്രമല്ല. ബാങ്കിങ്, നിക്ഷേപങ്ങള്‍, വസ്തു ഇടപാടുകള്‍ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രധാന സാമ്പത്തിക തിരിച്ചറിയല്‍ രേഖയായി അത് മാറിയിരിക്കുന്നു. ആവശ്യമായ ഇടങ്ങളില്‍ പാന്‍ നല്‍കാതിരുന്നാല്‍ ഇടപാടുകള്‍ നിരസിക്കപ്പെടാനോ വൈകാനോ പിഴ ഈടാക്കാനോ സാധ്യതയുണ്ട്. സാമ്പത്തിക നിയമങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍, വലിയ ഇടപാടുകള്‍ നടത്തുന്നവര്‍ പാന്‍ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

Content Highlights: PAN has become an important part of almost every major financial activity in India. From opening a bank account to buying property or making expensive purchases, quoting PAN is now compulsory in several transactions.

dot image
To advertise here,contact us
dot image