'നാടിന്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം'; കണ്ണൂരില്‍ വി ഡി സതീശനായി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു കണ്ണൂരിൽ ഉയർന്ന മറ്റൊരു ഫ്‌ളക്‌സിലെ വാചകം

'നാടിന്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം'; കണ്ണൂരില്‍ വി ഡി സതീശനായി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍
dot image

കണ്ണൂര്‍: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍. 'നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം' എന്ന വാചകത്തോടെയാണ് ഫ്‌ളക്‌സ് ബോര്‍ഡ്. കാടാച്ചിറയിലെ യൂത്തന്മാര്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ആയിരം തെരഞ്ഞെടുപ്പുകള്‍ തോറ്റാലും ഒരു വര്‍ഗീയ വാദിയുടെ വോട്ടുപോലും ഞങ്ങള്‍ക്ക് വേണ്ട എന്നും ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. കണ്ണൂരിൽ നേരത്തെയും വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡ് ഉയര്‍ന്നിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു ഫ്‌ളക്‌സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്‌ളക്‌സ് ബോർഡ് വെച്ചത്. കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ വി ഡി സതീശനായി ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

മൂവാറ്റുപുഴയിലും തൊടുപുഴയിലും എറണാകുളം കങ്ങരപ്പടിയിലും ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടിരുന്നു. മൂവാറ്റുപുഴ ടൗൺ യുപി സ്കൂളിന് മുൻവശത്തും വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിലും ആണ് വലിയ ഫ്‌ളക്‌സുകൾ സ്ഥാപിച്ച നിലയിൽ കണ്ടെത്തിയത്. 'വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിൽ ഉണ്ടായ സാഹചര്യം ഓർത്താൽ നന്ന്' എന്നാണ് ഫ്ളക്സിലെ വാചകം. വി ഡി സതീശൻ ചെയ്ത പ്രവർത്തനങ്ങൾ നമ്പറുകൾ സഹിതം കാണിച്ചാണ് ഫ്‌ളക്‌സ്. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. 'പട നയിച്ചവന്‍ നാട് നയിക്കും' എന്നാണ് ഫ്‌ളക്‌സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയത്. കങ്ങരപ്പടിയിൽ 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നും 'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ' എന്നും ഫ്‌ളക്‌സിലുണ്ട്. 'ടീം കങ്ങരപ്പടി' എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

വി ഡി സതീശന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോളില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

Content Highlights: Flex boards for VD Satheesan again in Kannur

dot image
To advertise here,contact us
dot image