മൂന്നാമതും ഇടതുപക്ഷം; ജനം ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രി ആകാന്‍: എം വി ഗോവിന്ദന്‍

മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും എം വി ഗോവിന്ദന്‍

മൂന്നാമതും ഇടതുപക്ഷം; ജനം ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രി ആകാന്‍: എം വി ഗോവിന്ദന്‍
dot image

തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാം തവണയും ഭരണത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു ടെന്‍ഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. സാമ്പത്തിക ശേഷിയുള്ളവര്‍ക്കാണ് മടുക്കുക. കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ എന്താകുമെന്ന ടെന്‍ഷനുണ്ട്. അവര്‍ക്ക് ലഭിച്ച താങ്ങും തണലും മറക്കില്ല. രാഷ്ട്രീയ ലക്ഷ്യം വച്ച് നടക്കുന്നവരാണ് സര്‍ക്കാര്‍ മാറണം എന്ന് ആഗ്രഹിക്കുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇല്ലാത്ത കാര്യം ഊതിവീര്‍പ്പിക്കുന്നതാണ് യുഡിഎഫിന്റെ വിജയ പ്രതീക്ഷയെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത വിഷയത്തെ ഊതി പെരുപ്പിക്കുകയാണെന്നും കേരളത്തില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത വികസനമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'ജനങ്ങള്‍ മൂന്നാമതും അധികാരത്തില്‍ കൊണ്ട് വരും. മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വരും. 90-100 സീറ്റ് കിട്ടിയില്ലെങ്കിലും 80ല്‍ കൂടുതല്‍ സീറ്റ് ലഭിക്കും. രണ്ടാം തവണ ഇടതുപക്ഷം ഭരണത്തില്‍ വന്നത് തന്നെ ചരിത്രം. ചില മണ്ഡലങ്ങളില്‍ വോട്ട് ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. അത് ഏകപക്ഷീയമല്ല. വോട്ട് ശതമാനം കൂടിയത് ആര്‍ക്കെങ്കിലും അനുകൂലമോ പ്രതികൂലമോ അല്ല. വികസനം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഡീല്‍ ആരോപണം ഉയര്‍ത്തികൊണ്ട് വന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി എന്ന് കരുതുന്നില്ല. ചില പ്രദേശങ്ങളില്‍ ഉണ്ടായി എന്ന് വരാം. അത് കേരളത്തിന്റെ പൊതുധാരയല്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാളയത്തില്‍ പട നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി മുഖ്യമന്ത്രി ആകണം എന്നാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: CPIM state secratary M V Govindan about Kerala assembly election 2026

dot image
To advertise here,contact us
dot image