'ടെന്‍ഷന്‍ ഉണ്ട്, പോസിറ്റീവായ ഫലമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്'; വിജയപ്രതീക്ഷയില്‍ കെ എസ് ശബരീനാഥന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവാക്കേണ്ട പണം ബിജെപി നേമത്ത് ചെലവാക്കിയിട്ടുണ്ടെന്ന് കെ എസ് ശബരീനാഥന്‍

'ടെന്‍ഷന്‍ ഉണ്ട്, പോസിറ്റീവായ ഫലമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്'; വിജയപ്രതീക്ഷയില്‍ കെ എസ് ശബരീനാഥന്‍
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള അവസാന ദിവസമായതിനാല്‍ ടെന്‍ഷനുണ്ടെന്ന് നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്‍. ടെന്‍ഷന്‍ ഇല്ലെന്ന് പറയുന്നത് അഭിനയമാണെന്നും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ടെന്‍ഷനുണ്ടാകുമെന്നും ശബരീനാഥന്‍ പറഞ്ഞു. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളില്‍ നിന്ന് പോസിറ്റീവ് മറുപടികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഫി വിത്ത് അരുണില്‍ സംസാരിക്കുകയായിരുന്നു ശബരീനാഥന്‍.

'തെരഞ്ഞെടുപ്പിന് ശേഷം ആളുകളോട് സംസാരിക്കുമ്പോഴും നല്ല മറുപടിയാണ് കിട്ടിയത്. ഇവിടെ എല്ലാവര്‍ക്കുമുള്ള വോട്ടുകള്‍ ഉണ്ട്. കൃത്യമായ സ്‌പേസ് കോണ്‍ഗ്രസിന് നേമത്തുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും വോട്ട് വാങ്ങാന്‍ കഴിവുള്ളത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്കാണ്. സമുദായ സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണ്. എല്ലാവരിലേക്കും എത്തിച്ചേരാന്‍ സാധിച്ചു', കെ എസ് ശബരീനാഥന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അത് ജനം ചര്‍ച്ച ചെയ്യുമെന്നും കെ എസ് ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു. ശക്തമായ മതരാഷ്ട്രീയം ബിജെപി കളിക്കുമ്പോള്‍ അതിന്റെ മറ്റൊരു തീവ്ര വശത്തേക്ക് എല്‍ഡിഎഫ് നീങ്ങിയിട്ടുണ്ട്. അത് ജനം മനസിലാക്കുന്നുണ്ട്. കഴിഞ്ഞ തവണ കെ മുരളീധരന് ലഭിച്ച വോട്ട് വലിയ വോട്ടാണെന്നും അതിന്റെ മുകളിലേക്ക് പോകാന്‍ പറ്റുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'എന്‍ഡിഎയുടെ പണമൊഴുക്ക് വലിയ വെല്ലുവിളിയാണ്. അവരുടെ സംസ്ഥാന പ്രസിഡന്റ് മത്സരിക്കുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവാക്കേണ്ട പണം അവര്‍ നേമത്ത് ചെലവാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും 50 മുതല്‍ 100 വരെ ഫ്‌ളക്‌സുകള്‍ ഇറക്കിയിട്ടുണ്ട്. ജനം അതൊക്കെ മനസിലാക്കിയിട്ടുണ്ട്. ഈ നഗരത്തില്‍ രണ്ടര വര്‍ഷത്തോളമായി വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് കൊണ്ട് നില്‍ക്കുന്നയാളാണ് ഞാന്‍. ഇവിടെയുള്ള ആളാണ് ഞാന്‍. ഒന്നിലും അമിതമായി അഭിരമിക്കാറില്ല. എന്നാല്‍ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. പുറമേ നിന്ന് കാണുന്നതല്ല നേമത്തിന്റെ സമവാക്യങ്ങള്‍. തീര്‍ച്ചയായും പോസിറ്റീവായ ഫലം ഉണ്ടാകും', കെ എസ് ശബരീനാഥന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയുമായി നല്ല ബന്ധമാണെന്നും തെരഞ്ഞെടുപ്പിലെ ജയപരാജയം കൊണ്ട് തീരുന്ന ബന്ധമല്ല അതെന്നും കെ എസ് ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Nemam UDF candidate K S Sabarinathan about Kerala assembly Election

dot image
To advertise here,contact us
dot image