അടുക്കളയിലെ തീ അണയില്ല; 46,000 ടണ്‍ എല്‍പിജിയുമായി ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍

മാര്‍ച്ച് മൂന്നിന് യുഎഇയില്‍നിന്ന് പുറപ്പെട്ട കപ്പല്‍, യുദ്ധത്തെത്തുടര്‍ന്ന് പേര്‍ഷ്യന്‍ ഉള്‍ക്കടലിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്

അടുക്കളയിലെ തീ അണയില്ല; 46,000 ടണ്‍ എല്‍പിജിയുമായി ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍
dot image

46,313 ടണ്‍ എല്‍പിജിയുമായി ഒരു ഇന്ത്യന്‍ കപ്പല്‍കൂടി ഹോര്‍മുസ് കടലിടുക്ക് കടന്നു. 'സര്‍വ് ശക്തി' എന്ന കപ്പലാണ് ശനിയാഴ്ച ഹോര്‍മുസ് കടന്നത്. കപ്പല്‍ മേയ് 13ന് വിശാഖപട്ടണം തീരത്തെത്തും. ഹോര്‍മുസ് വഴിയുള്ള യാത്രയില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നത്. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 നാവികരാണ് കപ്പലിലുള്ളത്. മാര്‍ച്ച് മൂന്നിന് യുഎഇയില്‍നിന്ന് പുറപ്പെട്ട കപ്പല്‍, യുദ്ധത്തെത്തുടര്‍ന്ന് പേര്‍ഷ്യന്‍ ഉള്‍ക്കടലിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്ള എല്‍പിജിയാണ് കപ്പലിലുള്ളതെന്നാണ് വിവരം.

അമേരിക്ക ഇറാനെതിരേ നടപടി കടുപ്പിച്ചതിനുശേഷം ഹോര്‍മുസ് കടക്കുന്ന കപ്പലെന്നതാണ് സര്‍വ് ശക്തിയുടെ പ്രത്യേകത. നിലവിലെ സാഹചര്യത്തില്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കലുഷിതമായിരിക്കുന്ന വേളയില്‍, ഈ ചരക്കുനീക്കം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.

ഇന്ത്യയിലെ കോടിക്കണക്കിന് വീടുകളിലെ അടുക്കളകളില്‍ എത്തുന്ന എല്‍പിജിയുടെ ലഭ്യത ഉറപ്പാക്കാന്‍ ഇത്തരം ടാങ്കറുകള്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതുണ്ട്. ലോകത്തിലെ മൊത്തം എല്‍പിജി വ്യാപാരത്തിന്റെ വലിയൊരു ശതമാനവും കടന്നുപോകുന്നത് ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ്. നേരിയ തടസ്സം പോലും ആഗോള എണ്ണ-വാതക വിപണിയെ പിടിച്ചുലയ്ക്കും. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍, കപ്പലുകള്‍ പിടിച്ചെടുക്കപ്പെടുമോ എന്ന ആശങ്ക ഷിപ്പിങ് കമ്പനികള്‍ക്കുണ്ട്.

46,000 ടണ്‍ വാതകം സുരക്ഷിതമായി ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യ നിലവില്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായ അടുപ്പം കാരണം ഗള്‍ഫ് രാജ്യങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ, ഹോര്‍മുസ് കടലിടുക്കിലെ ഓരോ ചലനവും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സംബന്ധിച്ച് സുപ്രധാനമാണ്.

Content Highlights: Indian-flagged LPG tankers Shivalik, Nanda Devi, and Green Sanvi have safely crossed the Strait of Hormuz in March 2026, each transporting over 46,000 metric tonnes of LPG to India amid high regional tensions. The vessels,, escorted by the Indian Navy, are delivering crucial energy supplies, securing fuel imports for India.

dot image
To advertise here,contact us
dot image