

ബെംഗളൂരു: 35കാരിയായ ബ്യൂട്ടീഷ്യനെ പീഡിപ്പിച്ച ജ്യോത്സ്യനെതിരെ കേസെടുത്തു. കുടുംബത്തിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കുമ്പല്‍ഗോഡു സ്വദേശിയായ മോഹന്‍കുമാര്‍(38) എന്നയാള്‍ക്കെതിരെയാണ് ചേന്നമ്മനകെരെ അച്ചുകാട്ട് പൊലീസ് കേസെടുത്തത്.
2025 ജനുവരിയില്‍ രാജാജിനഗറിലെ തന്റെ സ്ഥാപനത്തില്‍ സഹോദരിക്ക് ബ്യൂട്ടീഷ്യന്‍ കോഴ്സിന് ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞാണ് പ്രതി എത്തിയെന്ന് യുവതി പറയുന്നു. ജ്യോതിഷിയായി വേഷമിട്ടെത്തിയ ഇയാള്‍ ബിസിനസ്സ് വളര്‍ച്ചയ്ക്കായി പ്രത്യേക പൂജകള്‍ നടത്താമെന്ന് യുവതിയെ ധരിപ്പിക്കുകയായിരുന്നു.
പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ചടങ്ങിന്റെ പേര് പറഞ്ഞ് ഇവരുടെ ഭര്‍ത്താവിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു. ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂര്‍ വലം വെയ്ക്കണമെന്നും ഇവരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് വീട്ടില്‍ തനിച്ചായ യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ഭയന്ന സ്ത്രീ ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. മാനസികാഘാതത്തെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Content Highlights: Astrologer booked for assaulting woman in Bengaluru